തിരുവനന്തപുരം:കേന്ദ്ര സർക്കാറിന്‍റേത് ജനവിരുദ്ധ നയങ്ങളെന്നാരോപിച്ച് സി.പി.എമ്മിന്‍റെ രാജ്യവ്യാപക പ്രതിഷേധ ദിനം. പെട്രോൾ-ഡീസൽ വില വർധന, പൊതുമേഖല സ്ഥാപനങ്ങളുടെ സ്വകാര്യവല്‍കരണം, കൊവിഡ് പ്രതിരോധത്തിലെ പാളിച്ചകൾ എന്നിവ ഉയർത്തിയാണ് പ്രതിഷേധം സംഘടിപ്പിച്ചത്. സംസ്ഥാനത്ത് ബ്രാഞ്ച് തലം മുതൽ പ്രതിഷേധം സംഘടിപ്പിച്ചു. സംസ്ഥാനതല ഉദ്ഘാടനം പാളയം രക്തസാക്ഷി മണ്ഡപത്തിൽ പി.ബി. അംഗം എസ്.രാമചന്ദ്രൻ പിള്ള നിർവഹിച്ചു.
കേന്ദ്ര നയങ്ങള്‍ക്കെതിരെ സി.പി.എം രാജ്യവ്യാപക പ്രതിഷേധം സംഘടിപ്പിച്ചു - s ramachandran pillai against nda
സംസ്ഥാനതല ഉദ്ഘാടനം പാളയം രക്തസാക്ഷി മണ്ഡപത്തിൽ പി.ബി. അംഗം എസ്.രാമചന്ദ്രൻ പിള്ള നിർവഹിച്ചു

കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് പകരം മഹാസമ്മേളനങ്ങൾ നടത്തിയ കേന്ദ്ര സർക്കാറാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണമെന്ന് എസ്.രാമചന്ദ്രൻ പിള്ള ആരോപിച്ചു. അഹമ്മദാബാദിൽ നടന്ന നമസ്തേ ട്രംപ് സമ്മേളനം അടക്കം നിലവിലെ രൂക്ഷമായ അവസ്ഥക്ക് കാരണമായതായും എസ്.ആർ.പി. പറഞ്ഞു.
പോളിറ്റ് ബ്യൂറോ അംഗങ്ങളായ കോടിയേരി ബാലകൃഷ്ണൻ, എം.എ ബേബി, കേന്ദ്ര കമ്മറ്റിയംഗം എം.വി.ഗോവിന്ദൻ എന്നിവർ രക്തസാക്ഷി മണ്ഡപത്തിലെ പ്രതിഷേധത്തിൽ പങ്കാളിയായി. കൊവിഡ് മാർഗനിർദേശങ്ങൾ പാലിച്ച് ഒരു സ്ഥലത്ത് അഞ്ച് പേർ എന്ന രീതിയിലാണ് പ്രതിഷേധം സംഘടിപ്പിച്ചത്. ഏരിയാ തലങ്ങളിൽ കേന്ദ്ര സർക്കാർ ഓഫീസുകള്‍ക്ക് മുമ്പിലും ബ്രാഞ്ച് തലങ്ങളിൽ പത്ത് ഇടങ്ങളിലുമായിരുന്നു സമരം. 13 ലക്ഷത്തോളം പേർ പ്രതിഷേധത്തിൽ പങ്കാളിയായെന്നാണ് സി.പി.എം അവകാശപ്പെടുന്നത്.