തിരുവനന്തപുരം:പൊലീസ് നിയമഭേദഗതിയിൽ ആശങ്ക പങ്കുവെച്ച് സിപിഐ. നിയമഭേദഗതി ദുരുപയോഗം ചെയ്യാൻ സാധ്യതയെന്ന് സിപിഐ മുഖപത്രമായ ജനയുഗത്തിൽ ലേഖനം. നിയമഭേദഗതിയിലൂടെ പൊലീസിന് ലഭിക്കുന്ന അധികാരം ജനാധിപത്യ സ്വാതന്ത്ര്യത്തിനും മൗലികാവകാശങ്ങൾക്കും എതിരെ ദുരുപയോഗം ചെയ്യപ്പെടുമെന്ന ആശങ്കയാണ് മനുഷ്യാവകാശ പ്രവർത്തകർക്കുള്ളതെന്ന് ലേഖനത്തിൽ പറയുന്നു. ഭേദഗതി മാധ്യമ സ്വാതന്ത്ര്യത്തെ പരിമിതപ്പെടുത്തും.
പൊലീസ് നിയമഭേദഗതിയില്‍ ആശങ്കയുമായി സിപിഐ - police act amendment
നിയമഭേദഗതിയിലൂടെ കേസ് എടുക്കുന്നതിനുള്ള വിവേചനാധികാരം പൊലീസിന് ലഭിക്കും. ഇത് ആധുനിക നിയമവാഴ്ച സംവിധാനത്തിലും നീതി നിർവഹണത്തിനും അപകടകരമായ വഴിത്തിരിവായി മാറുമെന്ന് പാര്‍ട്ടി മുഖപത്രത്തിലെ ലേഖനത്തില്‍ സിപിഐ വ്യക്തമാക്കുന്നു.
കേസ് എടുക്കുന്നതിനുള്ള വിവേചനാധികാരം പുതിയ നിയമത്തിലൂടെ പൊലീസിന് ലഭിക്കുന്നു. ആധുനിക നിയമവാഴ്ച സംവിധാനത്തിലും നീതി നിർവഹണത്തിനും അപകടകരമായ വഴിത്തിരിവായി മാറിയേക്കും എന്ന ആശങ്ക ശക്തമാണെന്നും ലേഖനത്തില്‍ സിപിഐ ചൂണ്ടിക്കാട്ടുന്നു.
സാമൂഹിക മാധ്യമങ്ങളിലൂടെയുള്ള കുറ്റകൃത്യങ്ങൾ പ്രത്യേകിച്ചും പെൺകുട്ടികൾക്കും സ്ത്രീകൾക്കും എതിരായവ തടഞ്ഞേ മതിയാകൂ. ആവശ്യമെങ്കിൽ അതിന് കർക്കശ നിയമനിർമാണത്തിനും മടിക്കേണ്ടതില്ല. എന്നാൽ ഒരു നിയമനിർമാണവും നിലവിലുള്ള അഭിപ്രായസ്വാതന്ത്ര്യം, മൗലികാവകാശങ്ങൾ, ജനാധിപത്യ സ്വാതന്ത്ര്യം ,മനുഷ്യാവകാശങ്ങൾ എന്നിവയെ ഹനിക്കുന്നതോ പരിമിതപ്പെടുത്തുന്നതോ ആയിക്കൂടായെന്നും മുഖപ്രസംഗത്തില്‍ ആവശ്യപ്പെടുന്നു. അവധാനപൂർവം വിപുലവും ക്രിയാത്മകവും ജനാധിപത്യപരവുമായ ചർച്ചകളിലൂടെ വേണം അത്തരം നിയമങ്ങൾ ഉരുത്തിരിയാനെന്നും ജനയുഗം വ്യക്തമാക്കുന്നു. പൊലീസ് നിയമ ഭേദഗതിയ്ക്ക് മന്ത്രിസഭ തീരുമാനിച്ച ശേഷമാണ് ലേഖനത്തിലൂടെ സിപിഐ പരസ്യമായി ഭിന്നത വ്യക്തമാക്കുന്നത് .