തിരുവനന്തപുരം : ഘടകകക്ഷികള്‍ മത്സരിച്ച മണ്ഡലങ്ങളിലെ പ്രചാരണത്തില്‍ സിപിഎം വീഴ്‌ച വരുത്തിയെന്ന് സിപിഐയുടെ തെരഞ്ഞെടുപ്പ് അവലോകന റിപ്പോര്‍ട്ട്. കഴിഞ്ഞ ദിവസം ചേര്‍ന്ന സിപിഐ സംസ്ഥാന കൗണ്‍സിലിലാണ് സിപിഎമ്മിനെ പ്രതിക്കൂട്ടിലാക്കുന്ന തെരഞ്ഞെടുപ്പ് അവലോകന റിപ്പോര്‍ട്ട് ചര്‍ച്ച ചെയ്തത്. ശക്തികേന്ദ്രങ്ങളില്‍ വരെ വോട്ട് ചോര്‍ച്ച ഉണ്ടായതായി റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്.
ഘടകകക്ഷികള്‍ മത്സരിച്ച ഇടങ്ങളിലാണ് സിപിഎം പ്രചാരണത്തില്‍ വീഴ്‌ച വരുത്തിയത്. സിപിഎമ്മിന് സ്വാധീനമുള്ള തൃക്കുന്നപ്പുഴ, കുമാരപുരം പഞ്ചായത്തുകളില്‍ പ്രതീക്ഷിച്ച മുന്നേറ്റം ഉണ്ടാക്കാനായില്ല. ഐഎന്‍എല്‍ മത്സരിച്ച കാസര്‍കോട്ട് തെരഞ്ഞെടുപ്പ് കമ്മിറ്റി യോഗം ചേരാന്‍ പോലും സിപിഎം വൈമനസ്യം കാണിച്ചു.
പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ മത്സരിച്ച പറവൂരിലെ പ്രവര്‍ത്തനം സംശയകരമാണെന്നും റിപ്പോര്‍ട്ടില്‍ വിമര്‍ശനമുണ്ട്. രമേശ് ചെന്നിത്തലയുടെ ഹരിപ്പാട് മണ്ഡലത്തിലും വോട്ട് ചോര്‍ച്ച നടന്നോയെന്ന സംശയവും റിപ്പോര്‍ട്ട് പ്രകടിപ്പിക്കുന്നു. കൊല്ലം ജില്ലയിലെ ചാത്തന്നൂരില്‍ വോട്ട് ബിജെപിയിലേക്ക് പോയെന്നാണ് കുറ്റപ്പെടുത്തല്‍. ഈ മണ്ഡലങ്ങളിലെല്ലാം തന്നെ വ്യാപകമായി വോട്ട് മറിക്കല്‍ നടന്നുവെന്നാണ് കണ്ടെത്തല്‍.