തിരുവനന്തപുരം: സംസ്ഥാനത്തെ വിവിധ മേഖല സംഭരണ കേന്ദ്രങ്ങളിൽ വാക്‌സിൻ പൂർണമായും തീർന്നതോടെ ജില്ലകളിൽ ഇന്ന് (ജൂലൈ 28) വാക്‌സിനേഷൻ പൂർണമായും മുടങ്ങും. പ്രധാന സംഭരണ കേന്ദ്രങ്ങളായ തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് ജില്ലകളിലാണ് സ്റ്റോക്കില്ലാത്തത്. ഇവിടെ നിന്ന് മറ്റ് ജില്ലകളിലേക്ക് നൽകിയ വാക്‌സിനുകളും തീർന്നു.
സ്വകാര്യമേഖലയിൽ വാക്‌സിനേഷൻ നടക്കുന്നുണ്ടെങ്കിലും അതും വൈകാതെ മുടങ്ങുന്ന സ്ഥിതിയാണ്. കേരളത്തിന് ആവശ്യമായ വാക്‌സിൻ ഉടൻ നൽകുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി മൻസൂഖ് മാണ്ഡവ്യ ഉറപ്പുനൽകിയിരുന്നു. അതേസമയം വാക്‌സിൻ ക്ഷാമത്തിന് പരിഹാരമായി കേരളത്തിലേക്ക് ഇന്ന്(ജൂലൈ 28) 5 ലക്ഷം ഡോസ് വാക്‌സിൻ എത്തുമെന്നാണ് വിവരം. ഇത് കിട്ടുന്ന മുറയ്ക്ക് പ്രതിദിനം നാല് ലക്ഷം ഡോസ് എങ്കിലും നൽകാനാണ് മുഖ്യമന്ത്രി നിർദേശം നൽകിയിരിക്കുന്നത്.