തിരുവനന്തപുരം: സംസ്ഥാനത്തെ കൊവിഡ് സാഹചര്യം വിലയിരുത്തുന്നതിനുള്ള പ്രതിവാര അവലോകന യോഗം ഇന്ന് (ശനിയാഴ്‌ച) ചേരും. മുഖ്യമന്ത്രിയുടെ അധ്യക്ഷതയിലാണ് യോഗം. സംസ്ഥാനത്തെ കൊവിഡ് വ്യാപന സ്ഥിതി യോഗം പരിശോധിക്കും. പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ പുരോഗതിയും വിലയിരുത്തും. ഇതുകൂടാതെ നിയന്ത്രണങ്ങള്‍ കൂടുതല്‍ കടുപ്പിക്കുന്നതും ചര്‍ച്ചയാകും. സമ്പൂര്‍ണ അടച്ചിടല്‍ ഇനി സാധ്യമല്ലെന്ന് മുഖ്യമന്ത്രി നേരത്തേ വ്യക്തമാക്കിയിരുന്നു.
മൂന്നാംതരംഗം നേരിടാൻ കേരളം
രാജ്യത്തെ ആരോഗ്യ മേഖലയിലെ വിദഗ്‌ധരുമായി കഴിഞ്ഞ ദിവസം സര്‍ക്കാര്‍ ചര്‍ച്ച നടത്തിയിരുന്നു. പത്ത് ദിവസത്തിനുള്ളില്‍ ഇപ്പോഴത്തെ തീവ്രവ്യാപനം കുറയുമെന്നാണ് സർക്കാരിന് ലഭിച്ചിരിക്കുന്ന നിര്‍ദേശം. അതിനാല്‍ മൂന്നാം തരംഗം മുന്‍നിര്‍ത്തിയുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങളാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ഇതിനായി തദ്ദേശസ്ഥാപന ജനപ്രതിനിധികളുടെ യോഗം സര്‍ക്കാര്‍ വിളിച്ചിരുന്നു. ഇതിലെ നിര്‍ദേശങ്ങളും ഇന്നത്തെ യോഗത്തില്‍ ചര്‍ച്ച ചെയ്യും.