തിരുവനന്തപുരം: സംസ്ഥാനത്തെ കൊവിഡ് നിയന്ത്രണങ്ങള്‍ പുനക്രമീകരിക്കാന്‍ കൊവിഡ് അവലോകനയോഗത്തില്‍ തീരുമാനം. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിന്‍റെ അടിസ്ഥാനത്തില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ തരംതിരിച്ച് ഏര്‍പ്പെടുത്തിയ നിയന്ത്രങ്ങളാണ് പുനക്രമീകരിക്കുന്നത്. ജൂലായ് ഏഴ് മുതല്‍ നിയന്ത്രണങ്ങളും ഇളവുകളും നിലവില്‍ വരും.
ടെസ്‌റ്റ് പോസിറ്റിവിറ്റി നിരക്ക് അഞ്ചില്‍ താഴെയുള്ള പ്രദേശങ്ങള്‍ എ വിഭാഗത്തിലും അഞ്ചു മുതല്‍ 10 വരെയുള്ള പ്രദേശങ്ങള്‍ ബിയിലും 10 മുതല്‍ 15 വരെയുള്ളവ സി വിഭാഗത്തിലും ഉള്‍പ്പെടുത്തി. 15 ന് മുകളില്‍ ടിപിആര്‍ ഉള്ള പ്രദേശങ്ങള്‍ കാറ്റഗറി ഡിയിലായിരിക്കും.
മുഖ്യമന്ത്രി പിണറായി വിജയന്‍റെ അധ്യക്ഷതയില്‍ ചേര്‍ന്ന കൊവിഡ് അവലോകന യോഗമാണ് നിയന്ത്രണങ്ങള്‍ പുനക്രമീകരിച്ചത്. കാറ്റഗറി അനുസരിച്ച് ചില മേഖലകളില്‍ ഇളവുകള്‍ അനുവദിക്കും.
വിനോദസഞ്ചാര മേഖലയ്ക്ക് ഇളവുകള്‍
വിനോദ സഞ്ചാര മേഖലകളിലെ താമസ സൗകര്യങ്ങള്‍ തുറന്നു പ്രവര്‍ത്തിക്കാം. ഇതിനായി കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്‍റെ സ്റ്റാന്‍ഡേര്‍ഡ് ഓപ്പറേറ്റിങ് നടപടിക്രമവും ടൂറിസം മന്ത്രാലത്തിന്‍റെ മാര്‍ഗനിര്‍ദ്ദേശങ്ങളും കര്‍ശനമായി പാലിക്കണം. വാക്‌സിന്‍ രണ്ട് ഡോസ് എടുത്തവര്‍ക്കും ആര്‍ടിപിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റുമായി വരുന്നവര്‍ക്കുമായിരിക്കും പ്രവേശനം.
ഹോട്ടലുകള്‍ക്ക് ഇളവ്, ജിമ്മുകള്‍ക്ക് പ്രവര്‍ത്തിക്കാം
എ, ബി എന്നീ വിഭാഗങ്ങളില്‍ ഉള്‍പ്പെടുന്ന പ്രദേശങ്ങളില്‍ റെസ്റ്റോറന്‍റുകള്‍, ഹോട്ടലുകള്‍ എന്നിവയ്ക്ക് ഹോം ഡെലിവറി, ടേക്ക് എവേ സംവിധാനത്തില്‍ രാത്രി 9.30 വരെ പ്രവര്‍ത്തിക്കാം. ശാരീരിക സമ്പര്‍ക്കമില്ലാത്ത ഇന്‍ഡോര്‍ ഗെയ്മുകള്‍ക്കും, ജിമ്മുകള്‍ക്കും എ.സി ഒഴിവാക്കി പ്രവര്‍ത്തിക്കാം. ഇവിടെ ഒരേ സമയം 20പേരില്‍ കുടുതല്‍ അനുവദിക്കില്ല. വായു സഞ്ചാരമുള്ള ഹാളോ തുറന്ന പ്രദേശമോ ആയിരിക്കണം ഇതിന് തെരഞ്ഞെടുക്കേണ്ടത്.