തിരുവനന്തപുരം:സംസ്ഥാനത്ത് ഏഴ് പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. കണ്ണൂരില്‍ നാല് പേര്‍ക്കും കോഴിക്കോട് രണ്ടും, കാസര്‍കോട് ഒരാൾക്കുമാണ് രോഗം സ്ഥിരീകരിച്ചത്. വാര്‍ത്താ സമ്മേളനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം അറിയിച്ചത്.
സംസ്ഥാനത്ത് ഏഴ് പേര്‍ക്ക് കൂടി കൊവിഡ് - corona latest news
17:37 April 16
കണ്ണൂരില്‍ നാല് പേര്‍ക്കും കോഴിക്കോട് രണ്ടും, കാസര്‍കോട് ഒരാൾക്കുമാണ് രോഗം സ്ഥിരീകരിച്ചത്.
അഞ്ച് പേര്‍ വിദേശത്തുനിന്ന് വന്നവരാണ്. രണ്ട് പേര്‍ക്ക് സമ്പര്‍ക്കം വഴിയാണ് വൈറസ് ബാധിച്ചിരിക്കുന്നത്. 27 പേര്‍ക്ക് ഇന്ന് രോഗമുക്തിയുണ്ടായി. കാസര്‍കോട് 24 പേര്‍ക്കും എറണാകുളം, മലപ്പുറം, കണ്ണൂര്‍ എന്നിവിടങ്ങളില്‍ ഓരോരുത്തര്‍ക്കും രോഗം മാറി. ഇതുവരെ 394 പേർക്കാണ് സംസ്ഥാനത്ത് വൈറസ് ബാധ സ്ഥിരീകരിച്ചത് ഇതില്‍ 147 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. 88,855 പേര്‍ നിരീക്ഷണത്തിലുമുണ്ട്. 88332 പേർ വീടുകളും 532 പേർ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. ഇന്നു മാത്രം 108 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഇതുവരെ 17400 സാമ്പിളുകള്‍ പരിശോധനക്കയച്ചു. 16459 എണ്ണം രോഗബാധയില്ലെന്ന് ഉറപ്പാക്കി. ഇന്ന് രോഗം സ്ഥിരീകരിച്ചവരുടെ എണ്ണത്തിന്‍റെ ഏതാണ്ട് മൂന്നിരട്ടി പേർ രോഗമുക്തി നേടിയിട്ടുണ്ട്.
അതിനിടെ സംസ്ഥാനത്ത് ലോക്ക് ഡൗണിന് ചൊവ്വാഴ്‌ച മുതൽ ഇളവുകൾ നൽകാനും സര്‍ക്കാര്‍ തീരുമാനിച്ചു. സംസ്ഥാനത്തെ നാല് മേഖലകളാക്കി തിരിച്ചായിരിക്കും നിയന്ത്രണങ്ങള്‍ നടപ്പാക്കുക. കാസർകോട്, കണ്ണൂർ, മലപ്പുറം, കോഴിക്കോട് എന്നീ ജില്ലകളാണ് ആദ്യത്തെ മേഖലയില്‍ ഉള്‍പ്പെട്ടിട്ടുള്ളത്. ഈ നാല് ജില്ലകളില്‍ ലോക്ക് ഡൗൺ ഇളവില്ലാതെ തുടരും. ഈ മേഖലയിൽ തീവ്ര രോഗബാധയുള്ള സ്ഥലങ്ങൾ പ്രത്യേകം കണ്ടെത്തും. ആ വില്ലേജുകളുടെ അതിർത്തികള്‍ അടയ്‌ക്കും. എൻട്രി, എക്സിറ്റ് വഴികളൊഴികെ ബാക്കിയെല്ലാം അടക്കും. അവശ്യ സേവനങ്ങൾ ഈ വഴികളിലൂടെയായിരിക്കും എത്തിക്കുക.
പത്തനംതിട്ട, എറണാകുളം, കൊല്ലം ജില്ലകള്‍ രണ്ടാമത്തെ മേഖലയിലാണ്. ഇവിടങ്ങളിൽ ഏപ്രിൽ 24 വരെ കടുത്ത നിയന്ത്രണങ്ങൾ തുടരും. ഈ ജില്ലകളിലെ ഹോട്‌സ്പോട്ട് കണ്ടെത്തി അവ അടച്ചിട്ടും. ഏപ്രിൽ 24 കഴിഞ്ഞാൽ സാഹചര്യം അനുകൂലമാണെങ്കിൽ ഈ ജില്ലകളില്‍ ചില ഇളവുകൾ അനുവദിക്കും. ആലപ്പുഴ, തിരുവനന്തപുരം, പാലക്കാട്, തൃശൂർ, വയനാട് എന്നീ ജില്ലകള്‍ മൂന്നാമത്തെ മേഖലയിലാണ്. ഇവിടെ ഭാഗികമായി സാധാരണ ജീവിതം അനുവദിക്കും. എന്നാല്‍ ആള്‍ക്കൂട്ടം അനുവദിക്കില്ല. കോട്ടയം, ഇടുക്കി ജില്ലകള്‍ നാലാം മേഖലയിലാണ്.