തിരുവനന്തപുരം: അമ്മയറിയാതെ കുഞ്ഞിനെ ദത്തുനൽകിയ സംഭവവുമായി ബന്ധപ്പെട്ട കേസിൽ ശിശുക്ഷേമ സമിതിക്ക് തിരുവനന്തപുരം കുടുംബ കോടതിയുടെ രൂക്ഷവിമര്‍ശനം. കുഞ്ഞ് എങ്ങനെയാണ് അവിടെ എത്തിയത് എന്ന കാര്യത്തിൽ വ്യക്തത വരുത്താൻ കോടതി കഴിഞ്ഞ തവണ നിർദേശം നൽകിയെങ്കിലും ഈ റിപ്പോർട്ട് സമർപ്പിച്ചിരുന്നില്ല. പകരം ഇത് സമർപ്പിക്കാന്‍ സമയം ആവശ്യപ്പെട്ടുകൊണ്ടുള്ള റിപ്പോർട്ടാണ് സമർപ്പിച്ചത്.
കുട്ടി എങ്ങനെയാണ് ശിശുക്ഷേമ സമിതിയിൽ എത്തിയതെന്ന കാര്യം, സർക്കാർ നേരത്തെ ആവശ്യപ്പെട്ട പ്രകാരമുള്ള ഡിഎൻഎ ടെസ്റ്റ് റിസൾട്ട് എന്നീ കാര്യങ്ങൾ വ്യക്തമാക്കിക്കൊണ്ടുള്ള റിപ്പോർട്ട് മുദ്രവച്ച കവറിൽ ഇരുപത് ദിവസത്തിനുള്ളിൽ ഹാജരാക്കാൻ കോടതി സി.ഡബ്ള്യു.സിയോട് നിർദേശിച്ചു. തിരുവനന്തപുരം കുടുംബ കോടതിയാണ് കേസ് പരിഗണിക്കുന്നത്.
രൂക്ഷമായി വിമര്‍ശിച്ച് കോടതി
കുട്ടിയുടെ കാര്യത്തിൽ ഉചിതമായ തീരുമാനം കോടതിക്ക് എടുക്കാമെന്ന് സർക്കാർ അറിയിച്ചു. ജുവനൈൽ ജസ്റ്റിസ് നിയമം അനുസരിച്ച് ഓരോ സംസ്ഥാനങ്ങളും കുട്ടികളെ ദത്ത് നൽകുന്ന കാര്യത്തിൽ സർക്കാർ നിയന്ത്രണത്തിലുള്ള ഏജൻസികളെ ചുമതലപ്പെടുത്തുകയാണ് പതിവ്. ഇതനുസരിച്ചാണ് സി.ഡബ്ള്യു.സി കേരളത്തിൽ ഇത്തരം ദത്ത് നടപടികൾ കൈകാര്യം ചെയുന്നത്.