തിരുവനന്തപുരം: വാട്ടർ അതോറിറ്റിയും പൊതുമരാമത്ത് വകുപ്പും ഉൾപ്പെട്ട നിർമാണങ്ങളുടെ ഏകോപനത്തിന് ഏകോപന സമിതി രൂപീകരിച്ചു. നിർമാണം കഴിഞ്ഞ പൊതുമരാമത്ത് റോഡുകൾ വെട്ടിപ്പൊളിക്കുന്നതടക്കമുള്ള സങ്കീർണ സാഹചര്യങ്ങൾക്ക് പരിഹാരം കാണുന്നതിനായി മന്ത്രിമാരായ റോഷി അഗസ്റ്റിനും പി.എ മുഹമ്മദ് റിയാസും പങ്കെടുത്ത യോഗത്തിലാണ് തീരുമാനം.
പൊതുമരാമത്ത് വകുപ്പ് സെക്രട്ടറി കൺവീനറായി, ഇരുവകുപ്പുകളിലെയും ഉന്നത ഉദ്യോഗസ്ഥർ ഉൾപ്പെട്ട കമ്മിറ്റി അടിയന്തരമായി ഇടപെടേണ്ട വിഷയങ്ങൾ പഠിച്ച് ജനുവരി 15 നകം റിപ്പോർട്ട് നൽകും. 2024 നകം വാട്ടർ അതോറിറ്റിയുടെ 40,000 കോടിയുടെ നിർമാണ പ്രവർത്തനങ്ങൾ നടക്കേണ്ട പശ്ചാത്തലത്തിലാണ് ഇരുവകുപ്പുകളുടെയും ഏകോപനത്തിന് യോഗം വിളിച്ചത്.
പുതിയ നിർമാണങ്ങളിൽ ഡക്‌റ്റ് സംവിധാനം നിർബന്ധമാക്കാൻ തീരുമാനിച്ചു. പരിപാലന കാലാവധിയുള്ള റോഡുകളിൽ വാട്ടർ അതോറിറ്റിയുടെയോ സ്വകാര്യ സേവനദാതാക്കളുടെയോ നിർമാണ പ്രവൃത്തികൾക്കായി റോഡുകൾ വെട്ടിപ്പൊളിക്കേണ്ട സാഹചര്യം ഉണ്ടായാൽ അതേ നിലവാരത്തിൽ പൂർവസ്ഥിതിയിലാക്കുന്നത് ജലവിഭവ വകുപ്പ് ഉറപ്പുവരുത്തും.