കിഫ്‌ബിയില്‍ പുതിയ പദ്ധതികള്‍ക്ക് നിയന്ത്രണം - Control for new projects in Kifby
ഇതുവരെ 4480 കോടി രൂപയുടെ പ്രവൃത്തികൾക്ക് പണം നൽകിയിട്ടുണ്ടെന്ന് ധനമന്ത്രി തോമസ് ഐസക്
തിരുവനന്തപുരം: കിഫ്ബി വഴിയുള്ള പുതിയ പദ്ധതികൾക്ക് നിയന്ത്രണമേര്‍പ്പെടുത്തി. നേരത്തെ അംഗീകരിച്ച പദ്ധതികൾക്ക് മുൻഗണന നൽകുന്നതിനാണ് പുതിയ പദ്ധതികള്‍ക്ക് നിയന്ത്രണമേർപ്പെടുത്തിയത്. അതേ സമയം അംഗീകരിച്ച പദ്ധതികള്‍ക്ക് നിയന്ത്രണം ബാധകമല്ലെന്ന് മന്ത്രി തോമസ് ഐസക് പറഞ്ഞു. കിഫ്ബി അംഗീകരിച്ച പദ്ധതികളുടെ ആകെ അടങ്കൽ തുക 50,000 കോടി രൂപ കഴിഞ്ഞ സാഹചര്യത്തിൽ ഈ പദ്ധതികൾക്ക് മുൻഗണന നൽകാനാണ് പുതിയവക്ക് നിയന്ത്രണം ഏർപ്പെടുത്തിയതെന്നും ദേശീയപാതയ്ക്കായി ഭൂമി ഏറ്റെടുക്കുന്നത് സംബന്ധിച്ച് ആശങ്കയില്ലെന്നും ധനമന്ത്രി തോമസ് ഐസക് വ്യക്തമാക്കി. 54,678 കോടി രൂപയുടെ 677 പ്രോജക്ടുകൾക്കാണ് കിഫ്ബി അംഗീകാരം നൽകിയത്. 347 പ്രോജക്ടുകൾക്കായി 13,616 കോടി ടെണ്ടർ ചെയ്തതിൽ 10,581 കോടിയുടെ 269 പദ്ധതികൾ നിർമാണം ആരംഭിച്ചിട്ടുണ്ട്. നിലവില്‍ വ്യവസായ പാർക്കുകൾക്ക് സ്ഥലം ഏറ്റെടുക്കുന്നതിനായി 14,275 കോടി രൂപയും ദേശീയ പാതാ വികസനത്തിന് സ്ഥലം ഏറ്റെടുക്കുന്നതിന് 5,374 കോടി രൂപയുടെയും പദ്ധതികൾക്ക് കിഫ്ബി അംഗീകാരം നൽകിയിട്ടുണ്ടെന്നും ധനമന്ത്രി പറഞ്ഞു.