തിരുവനന്തപുരം: തൃപ്പൂണിത്തുറയിൽ നിർമാണം പൂർത്തിയാക്കാത്ത പാലത്തിലുണ്ടായ അപകടത്തിൽ യുവാവ് മരിച്ച സംഭവത്തിൽ കരാറുകാർക്കെതിരെ കേസെടുത്തു. പാലം പണി നിര്‍വഹിക്കുന്ന കരാറുകാർക്കെതിരെ ഐപിസി 304 എ വകുപ്പ് പ്രകാരമാണ് നടപടി. സംഭവത്തില്‍ കര്‍ശന നടപടിയുണ്ടാകുമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് വ്യക്തമാക്കിയിരുന്നു.
സംഭവത്തില്‍ പൊതുമരാമത്ത് സെക്രട്ടറിയോട് മന്ത്രി അടിയന്തര റിപ്പോർട്ട് തേടി. തെറ്റ് ചെയ്‌തവരെ ഒരു കാരണവശാലും സംരക്ഷിക്കില്ലെന്ന് മന്ത്രി പറഞ്ഞു. പൊതുമരാമത്ത് ഉദ്യോഗസ്ഥർക്ക് എതിരെ നടപടി സ്വീകരിക്കുന്ന കാര്യത്തില്‍ കലക്‌ടര്‍ പരിശോധിച്ച ശേഷം തീരുമാനിക്കും.
മുന്നറിയിപ്പ് ബോര്‍ഡ് സ്ഥാപിച്ചില്ല : പാലം പണി നടക്കുന്ന സ്ഥലങ്ങളിൽ കൃത്യമായ അപകട സൂചനകൾ നൽകേണ്ടിയിരുന്നു. ഉദ്യോഗസ്ഥർക്ക് സംഭവിച്ച വീഴ്‌ച പരിശോധിക്കുമെന്ന് മന്ത്രി പറഞ്ഞു. ശനിയാഴ്‌ച പുലർച്ചെയാണ് തൃപ്പൂണിത്തുറയിൽ നിർമാണം പൂർത്തിയാക്കാത്ത പാലത്തിലുണ്ടായ അപകടത്തിൽപ്പെട്ട് എരൂര്‍ സ്വദേശി വിഷ്‌ണു മരിച്ചത്.