തിരുവനന്തപുരം: സ്വപ്‌ന സുരേഷിൻ്റെ ആരോപണങ്ങളുടെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രി പിണറായി വിജയന്‍ രാജി വയ്ക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാനത്ത് കോൺഗ്രസ് ഇന്ന് കരിദിനം ആചരിക്കും. രാജി ആവശ്യപ്പെട്ട് കോൺഗ്രസ് മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിൽ വൈകിട്ട് കരിങ്കൊടി പ്രകടനം നടത്തും. ഇതേ ആവശ്യമുന്നയിച്ച് വെള്ളിയാഴ്‌ച ജില്ല കോൺഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തിൽ കലക്ടറേറ്റ് മാർച്ച് നടത്തും.
2016ൽ മുഖ്യമന്ത്രിയുടെ ദുബായ് യാത്രക്കിടെ കറൻസി കടത്തി, കോൺസുലേറ്റ് ജനറലിൻ്റെ വീട്ടിൽ നിന്ന് ബിരിയാണി പാത്രത്തിൽ ലോഹ വസ്‌തുക്കള്‍ ക്ലിഫ് ഹൗസിലേക്ക് കൊണ്ടു പോയി, തുടങ്ങി ഗുരുതര ആരോപണങ്ങളാണ് മുഖ്യമന്ത്രിക്കെതിരെ സ്വപ്‌ന സുരേഷ് ഉന്നയിച്ചത്. തനിക്കെതിരെ ചുമത്തപ്പെട്ട കുറ്റകൃത്യങ്ങളിൽ മുഖ്യമന്ത്രി, ഭാര്യ കമല, മകൾ വീണ, സെക്രട്ടറി സി എം രവീന്ദ്രൻ, നളിനി നെറ്റോ, മുൻ മന്ത്രി കെ.ടി ജലീൽ എന്നിവർക്കും പങ്കുണ്ടെന്ന് കോടതിക്ക് രഹസ്യ മൊഴി നൽകിയതായും സ്വപ്‌ന സുരേഷ് വെളിപ്പെടുത്തി.