തിരുവനന്തപുരം: കെപിസിസി പുനസംഘടന നിര്‍ത്തിവയ്ക്കണമെന്ന ആവശ്യവുമായി എ, ഐ ഗ്രൂപ്പുകള്‍. തിരുവനന്തപുരത്ത് ചേര്‍ന്ന കോണ്‍ഗ്രസ് ഭാരവാഹി യോഗത്തിലാണ് ഗ്രൂപ്പുകള്‍ ഇക്കാര്യം ആവശ്യപ്പെട്ടത്. സംഘടന തെരഞ്ഞെടുപ്പിലേക്ക് കടന്നാല്‍ പുനസംഘടനയ്ക്ക് പ്രസക്തിയില്ലെന്നും ഗ്രൂപ്പ് പ്രതിനിധികള്‍ യോഗത്തില്‍ പറഞ്ഞു. പുനസംഘടനയുമായി ബന്ധപ്പെട്ട കാര്യം ഹൈക്കമാന്‍ഡ് തീരുമാനിക്കട്ടെയെന്നായിരുന്നു കെ സുധാകരന്‍റെ മറുപടി.
പുനസംഘടനയ്ക്ക് ശേഷമുള്ള കെപിസിസിയുടെ ആദ്യ ഭാരവാഹി യോഗമാണ് തിരുവനന്തപുരത്ത് ചേര്‍ന്നത്. രാവിലെ 11ന് ആരംഭിച്ച യോഗത്തില്‍ കെപിസിസി നിര്‍വാഹക സമിതി അംഗങ്ങള്‍, സ്ഥിരം ക്ഷണിതാക്കള്‍, പ്രത്യേക ക്ഷണിതാക്കള്‍, പോഷക സംഘടന പ്രസിഡന്‍റുമാര്‍ എന്നിവരടക്കം പങ്കെടുത്തു.
പുനസംഘടന നിര്‍ത്തിവയ്ക്കണമെന്ന് ഗ്രൂപ്പുകള്‍
പുനസംഘടന വൈകിയത് കൊണ്ടാണ് യോഗം വിളിക്കാന്‍ വൈകിയതെന്ന് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ വിശദീകരിച്ചു. പാര്‍ട്ടിക്കുള്ളിലെ വിഷയങ്ങളില്‍ പരസ്യ പ്രതികരണം പാടില്ലന്ന നിര്‍ദേശവും യോഗത്തില്‍ സുധാകരന്‍ മുന്നോട്ടുവച്ചു. ഇതിന് പിന്നാലെയാണ് എ, ഐ ഗ്രൂപ്പുകള്‍ ഒന്നിച്ച് കെപിസിസി പുനസംഘടന നിര്‍ത്തിവയ്ക്കണമെന്ന ആവശ്യം ഉന്നയിച്ചത്.
കെ ബാബു, കെ.സി ജോസഫ്, ബെന്നി ബെഹനാന്‍ എന്നിവരാണ് യോഗത്തില്‍ അവശ്യം ഉന്നയിച്ചത്. യൂണിറ്റ് കമ്മിറ്റികള്‍ വഴിയുള്ള അംഗത്വ വിതരണം നിര്‍ത്തണമെന്നും ഗ്രൂപ്പുകള്‍ ആവശ്യപ്പെട്ടു. എന്നാല്‍ പുനസംഘടനയുമായി ബന്ധപ്പെട്ട കാര്യം ഹൈക്കമാന്‍ഡ് തീരുമാനിക്കട്ടെയെന്ന് ഇതിന് മറുപടിയായി കെ സുധാകരന്‍ വ്യക്തമാക്കി.