തിരുവനന്തപുരം: 94 സീറ്റുകളില്‍ മത്സരിച്ചിട്ടും കോണ്‍ഗ്രസിന്‍റെ വിജയം വെറും 21 സീറ്റിലൊതുങ്ങി. 55 പുതുമുഖങ്ങളെയിറക്കിയുള്ള കോണ്‍ഗ്രസ് പരീക്ഷണവും പാളി. പുതുമുഖങ്ങളില്‍ പാലം കടക്കാനായത് മൂവാറ്റുപുഴയിലെ മാത്യു കുഴല്‍നാടന് മാത്രം. മുന്‍നിര കോണ്‍ഗ്രസ് നേതാക്കളായ രമേശ് ചെന്നിത്തല, മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, വി.ഡി സതീശന്‍, യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പില്‍, പി.ടി തോമസ്, എ.പി അനില്‍കുമാര്‍ എന്നിവരുടെ ഭൂരിപക്ഷം ഗണ്യമായി താഴ്ന്നു.
തിരുവനന്തപുരത്തെ പ്രമുഖ നേതാവായ വി.എസ് ശിവകുമാര്‍, കോണ്‍ഗ്രസിന്റെ യുവ മുഖം കെ.എസ് ശബരീനാഥന്‍ എന്നിവരുടെ പരാജയം കോണ്‍ഗ്രസിന് കനത്ത ആഘാതമായി. വട്ടിയൂര്‍ക്കാവില്‍ കോണ്‍ഗ്രസ് പരീക്ഷിച്ച യുവ വനിത സ്ഥാനാര്‍ഥി മൂന്നാം സ്ഥാനത്തേക്ക് തള്ളപ്പെട്ടു. തിരുവനന്തപുരത്തെ 14 സീറ്റുകളില്‍ കോവളം മണ്ഡലം നിലനിര്‍ത്താനായത് മാത്രമാണ് ആശ്വാസം.
കൊല്ലത്ത് കുണ്ടറയിലും കരുനാഗപ്പള്ളിയിലും മാത്രമായി കോണ്‍ഗ്രസ് ഒതുങ്ങി. ആലപ്പുഴയില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലക്ക് മാത്രം വിജയം നിലനിര്‍ത്താനായി. ഉപതെരഞ്ഞെടുപ്പിലൂടെ കോണ്‍ഗ്രസ് പിടിച്ചെടുത്ത അരൂരില്‍ ഷാനിമോള്‍ ഉസ്മാന്‍ കനത്ത പരാജയം ഏറ്റുവാങ്ങി. കായംകുളത്ത് അരിതാ ബാബുവിലൂടെ തരംഗമുണ്ടാക്കാമെന്ന കോണ്‍ഗ്രസ് പ്രതീക്ഷയും പാളി.