തിരുവനന്തപുരം: ഒന്നരവർഷം നീണ്ട ഓൺലൈൻ ക്ലാസുകൾക്ക് ശേഷം സംസ്ഥാനത്തെ കോളജുകൾ സാധാരണനിലയിലേക്ക്. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് അവസാന വർഷ ബിരുദ, ബിരുദാനന്തര ക്ലാസുകളാണ് ആരംഭിച്ചത്. വിദ്യാർഥികൾക്കും അധ്യാപകർക്കും പ്രത്യേക വാക്‌സിന്‍ ഡ്രൈവ് നടത്തിയും കോളജുകളിൽ അണുനശീകരണം പൂർത്തിയാക്കിയതിനും ശേഷമാണ് ക്ലാസുകൾ തുടങ്ങിയത്.
ഒക്‌ടോബര്‍ 18 മുതല്‍ മുഴുവന്‍ ക്ലാസുകളും
അഞ്ചും ആറും സെമസ്റ്റർ ബിരുദ ക്ലാസുകളും 3, 4 സെമസ്റ്റർ പിജി ക്ലാസുകളുമാണ് ആദ്യഘട്ടത്തിൽ ആരംഭിച്ചത്. പിജി ക്ലാസുകളിൽ മുഴുവന്‍ വിദ്യാർഥികളെയും ഉൾക്കൊള്ളിച്ചു കൊണ്ടും ബിരുദ ക്ലാസുകളിൽ 50 ശതമാനം വിദ്യാർഥികളെ ഒരു ബാച്ചായി പരിഗണിച്ച് ഇടവിട്ടുള്ള ദിവസങ്ങളിലായാണ് ക്ലാസുകൾ നടത്തുന്നത്. ക്ലാസുകളുടെ സമയക്രമം കോളജുകൾക്ക് തീരുമാനിക്കാം. സയൻസ് വിഷയങ്ങളിൽ പ്രാക്‌ടിക്കൽ ക്ലാസുകൾക്കും പ്രാധാന്യം നൽകും.
ആഴ്‌ചയിൽ 25 മണിക്കൂർ ക്ലാസ് എന്ന കണക്കിൽ ഓൺലൈൻ, ഓഫ്‌ലൈൻ ക്ലാസുകൾ ഉൾപ്പെടുത്തിയാണ് ടൈംടേബിൾ തയ്യാറാക്കിയിരിക്കുന്നത്. എഞ്ചിനീയറിങ് കോളജുകളിൽ ദിവസേന ആറു മണിക്കൂർ ക്ലാസ് നടത്തും. ബിരുദാനന്തര ബിരുദ തലത്തിൽ മുഴുവൻ കുട്ടികളെയും ഉൾക്കൊള്ളിച്ചാണ് ക്ലാസുകൾ നടത്തുക. ആദ്യഘട്ടത്തിൽ ഹാജർ നിർബന്ധമല്ല. ഒക്ടോബർ 18 മുതൽ കോളജിലെ എല്ലാ ക്ലാസുകളും തുറക്കാനാണ് സർക്കാർ ആലോചിക്കുന്നത്.