കേരളം

kerala

ETV Bharat / city

കോളജ് യൂണിയൻ ചെയർമാന്മാരുടെ വിദേശയാത്ര; തെരഞ്ഞെടുക്കപ്പെട്ടവരുടെ പട്ടിക തയാറായി

കോളജ് എഡ്യൂക്കേഷൻ വകുപ്പിന്‍റെ ഫ്ലെയർ പദ്ധതി പ്രകാരം ഒരു കോടിയിലധികം രൂപ ചെലവിട്ടാണ് സംഘം ബ്രിട്ടൻ യാത്ര നടത്തുന്നത്. 65 അംഗങ്ങളാണ് ബ്രിട്ടണിലേക്ക് രണ്ട് സംഘങ്ങളായി യാത്ര നടത്തുന്നത്.

By

Published : Feb 18, 2020, 2:20 PM IST

College chairman flair trip  കോളജ് യൂണിയൻ ചെയർമാന്മാരുടെ വിദേശയാത്ര  കേരള സര്‍ക്കാര്‍ വാര്‍ത്തകള്‍  kerala government
കോളജ് യൂണിയൻ ചെയർമാന്മാരുടെ വിദേശയാത്ര; തെരഞ്ഞെടുക്കപ്പെട്ടവരുടെ പട്ടിക തയാറായി

തിരുവനന്തപുരം:സാമ്പത്തിക പ്രതിസന്ധിയും, പ്രതിപക്ഷ എതിർപ്പും മറികടന്ന് സംസ്ഥാനത്തെ കോളജ് യൂണിയൻ ചെയർമാന്മാരുടെ വിദേശയാത്രയുമായി സർക്കാർ മുന്നോട്ട്. ബ്രിട്ടണിലെ കാർഡിഫ് സർവകലാശാലയിലേയ്ക്ക് പരിശീലനത്തിനായി പോകാൻ തെരഞ്ഞെടുക്കപ്പെട്ട 59 സർക്കാർ കോളജുകളിലെ ചെയർമാൻമാരുടെ പട്ടിക ഉന്നത വിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കി. കോളജ് എഡ്യൂക്കേഷൻ വകുപ്പിന്‍റെ ഫ്ലെയർ പദ്ധതി പ്രകാരം ഒരു കോടിയിലധികം രൂപ ചെലവിട്ടാണ് സംഘം ബ്രിട്ടൻ യാത്ര നടത്തുന്നത്. 65 അംഗങ്ങളാണ് ബ്രിട്ടണിലേക്ക് രണ്ട് സംഘങ്ങളായി യാത്ര നടത്തുന്നത്. 30 പേരടങ്ങുന്ന ആദ്യ സംഘം മാർച്ച് രണ്ടിന് ബ്രിട്ടനിലെത്തി, 6ന് തിരികെയെത്തുമ്പോൾ 29 പേരടങ്ങുന്ന അടുത്ത സംഘം മാർച്ച് 23ന് പോയി 27 നാകും തിരികെയെത്തുക.

54 കോളജ് യൂണിയൻ ചെയർമാൻമാരാണ് സംഘത്തിലുള്ളത്. കൂടാതെ എം.ജി, കണ്ണൂർ, കുസാറ്റ്, മലയാളം സർവകലാശാല, നാഷണൽ യൂണിവേഴ്സിറ്റി ഓഫ് അഡ്വാസഡ് ലീഗൽ സ്റ്റഡീസ് എന്നിവിടങ്ങളിലെ വിദ്യാർഥി പ്രതിനിധികളും സംഘത്തിലുണ്ട്. ഉന്നത വിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറി ഉഷ ടൈറ്റസാണ് യാത്രയ്ക്ക് നേതൃത്വം നൽകുന്നത്. കോളജ് എഡ്യൂക്കേഷൻ അഡിഷണൽ ഡയറക്ടർ, ഡെപ്യൂട്ടി ഡയറക്ടർ എന്നിവരും യാത്രയിലുണ്ടാകും. അതേ സമയം യൂണിവേഴ്സിറ്റി കോളജ് ചെയര്‍മാന്‍ പട്ടികയിലുൾപ്പെട്ടിട്ടില്ല. എന്നാൽ വിദേശയാത്ര നടത്തുന്നവരിൽ ഭൂരിഭാഗവും എസ്എഫ്ഐ ചെയർമാൻമാരാണ്. കടുത്ത പ്രതിസന്ധിയ്ക്കിടെയുള്ള കോളജ് ചെയർമാൻമാരുടെ ബ്രിട്ടണ്‍ യാത്ര അമിത ധൂർത്താണെന്ന പ്രതിപക്ഷ എതിർപ്പുകൾ മറികടന്നാണ് തീരുമാനവുമായി സർക്കാർ മുന്നോട്ടു നീങ്ങുന്നത്.

ABOUT THE AUTHOR

...view details