തിരുവനന്തപുരം: കോഫി ഹൗസിലെ രാജകീയ വേഷത്തിൽ ഇനി രാജാക്കൻമാർ മാത്രമല്ല റാണിമാരും ഭക്ഷണം വിളമ്പും. ചരിത്രത്തിൽ ആദ്യമായി വനിതാ വെയിറ്റർമാരെ നിയമിക്കുകയാണ് ഇന്ത്യൻ കോഫി ഹൗസ്. ഏഴുപേരാണ് ഇന്ന് സംസ്ഥാനത്തെ വിവിധ ഇന്ത്യൻ കോഫി ഹൗസുകളിൽ വിളമ്പുകാരായി ജോലിക്ക് കയറുന്നത്. ആശ്രിത നിയമനം വഴിയാണ് ഏഴ് പേരും ജോലിക്കെത്തുന്നത്.
ഷീന പോരാടി നേടിയത് ജീവിതം; കോഫി ഹൗസില്‍ മാറ്റത്തിന്‍റെ വളകിലുക്കം
61 വർഷത്തെ കോഫി ഹൗസ് ചരിത്രത്തിൽ മാറ്റം കൊണ്ട് വരുന്നത് ഷീനയെന്ന വീട്ടമ്മയുടെ പോരാട്ടമാണ്. ആശ്രിത നിയമനം വഴി ഏഴ് പേരാണ് ജോലിക്കെത്തുന്നത്.
ഇത്തരമൊരു സുപ്രധാന തീരുമാനത്തിലേക്ക് കോഫി ഹൗസ് സൊസൈറ്റി എത്തിച്ചത് ഷീന എന്ന വീട്ടമ്മയുടെ നിരന്തരമായ പോരാട്ടമാണ്. ഷീനയുടെ ഭർത്താവ് സന്തോഷ് കോഫി ഹൗസ് ജീവനക്കാരനായിരുന്നു. ഇദ്ദേഹത്തിന്‍റെ മരണശേഷം ആശ്രിത നിയമനത്തിനായി ശ്രമിച്ചെങ്കിലും സ്‌ത്രീകള്‍ക്ക് നിയമനം നൽകുന്ന പതിവ് കോഫി ഹൗസിൽ ഇല്ലെന്ന മറുപടിയാണ് ലഭിച്ചത്. എന്നാല്‍ ജോലിക്കായുള്ള ഷീനയുടെ പോരാട്ടം തുടർന്നു.
ഒടുവിൽ വ്യവസായ മന്ത്രിയുടെ ഓഫീസിൽ നിന്ന് ഇവരെ പരിഗണിക്കണമെന്ന നിർദ്ദേശം സൊസൈറ്റി ഭരണസമിതിക്ക് കൈമാറി. തുടർന്ന് നിരവധി യോഗങ്ങൾ ചേർന്നാണ് നിയമനം നടത്താൻ സൊസൈറ്റി തീരുമാനമെടുത്തത്. ഷീനയും, ശ്രീക്കുട്ടിയും എം.എൽ.എ ഹോസ്റ്റലിലെ ബ്രാഞ്ചിലാണ് ജോലിക്ക് പ്രവേശിക്കുന്നത്. എട്ട് മാസത്തെ പരിശീലനത്തിനു ശേഷം ഇവർ കോഫി ഹൗസിലെ റാണിമാരാകും.