തിരുവനന്തപുരം :കൊള്ളപ്പലിശക്കാരില്‍ നിന്ന് സാധാരണക്കാരെയും കര്‍ഷകരെയും രക്ഷിക്കാന്‍ ആരംഭിച്ച കേരളത്തിലെ സഹകരണ പ്രസ്ഥാനം ഇന്ത്യക്കാകെ മാതൃകയായി തുടരുന്നതിനിടെയാണ് കരുവന്നൂര്‍ സര്‍വ്വീസ് സഹകരണ ബാങ്കില്‍ 300 കോടി രൂപയുടെ തട്ടിപ്പ് നടന്നത് സംബന്ധിച്ച വാര്‍ത്തകള്‍ പുറത്തുവരുന്നത്. പണം തിരികെ ആവശ്യപ്പെട്ട നിക്ഷേപകര്‍ക്ക് പണം തിരിച്ചുനല്‍കാനാകാത്ത അവസ്ഥ.
നിക്ഷേപ തുകയില്‍ നിന്ന് വിദഗ്‌ധ ചികിത്സയ്ക്ക് പണം ലഭിക്കാതെ വന്നതോടെ തൃശൂര്‍ സ്വദേശിയായ റിട്ടേര്‍ഡ് നഴ്‌സ് ഫിലോമിന ആശുപത്രിയില്‍ മരണപ്പെടുകയും, മൃതദേഹവുമായി ഭര്‍ത്താവ് ദേവസ്സിയും മകനും ആശുപത്രിക്കുമുന്നില്‍ പ്രതിഷേധിക്കുകയും ചെയ്തതോടെയാണ് കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പ് വീണ്ടും ചര്‍ച്ചയാകുന്നത്. കരുവന്നൂര്‍ മാത്രമല്ല, നിരവധി സഹകരണ ബാങ്കുകളിലെ തട്ടിപ്പാണ് ഇപ്പോള്‍ ഒന്നൊന്നായി പുറത്തു വന്നുകൊണ്ടിരിക്കുന്നത്.
കരുവന്നൂര്‍, കേരള ചരിത്രത്തിലെ ഏറ്റവും വലിയ സഹകരണ തട്ടിപ്പ് :വര്‍ഷങ്ങളായി സിപിഎം ഭരിക്കുന്ന കരുവന്നൂര്‍ സര്‍വ്വീസ് സഹകരണ ബാങ്ക് തട്ടിപ്പ് യഥാര്‍ഥത്തില്‍ പുറത്താകുന്നത് 2021 ജൂലൈ 22 ന് 63 കാരനായ മുകുന്ദന്‍ എന്നയാളുടെ ആത്മഹത്യയോടെയാണ്. ബാങ്കില്‍ നിന്നെടുത്ത ഇല്ലാത്ത വായ്‌പയുടെ ജപ്‌തി നോട്ടിസ് ലഭിച്ചതോടെയാണ് മുകുന്ദന്‍ ജീവനൊടുക്കിയത്.
30 ലക്ഷം രൂപ ബാങ്കില്‍ നിന്ന് വായ്‌പയെടുത്ത മുകുന്ദന്‍ അത് പുതുക്കി. എന്നാല്‍ മുകുന്ദന് 30 ലക്ഷത്തിന്‍റെയും 50 ലക്ഷത്തിന്‍റെയും രണ്ട് ലോണുകള്‍ ഉണ്ടെന്നും ഉടന്‍ രണ്ടും അടച്ചുതീര്‍ക്കണമെന്നുമായി ബാങ്ക്. കൂടുതല്‍ സമയം ആവശ്യപ്പെട്ടിട്ടും നല്‍കാന്‍ ബാങ്ക് തയ്യാറായില്ല. നിവൃത്തിയില്ലാതെ മുകുന്ദന് ആത്മഹത്യയില്‍ അഭയം പ്രാപിക്കേണ്ടി വന്നു.
യഥാര്‍ഥത്തില്‍ 2018 മുതല്‍ ബാങ്കിലെ തട്ടിപ്പുകള്‍ പുറത്തുവന്ന് തുടങ്ങിയിരുന്നു. 2018 ഡിസംബര്‍ 8ന് സി.പി.എം മാടായിക്കോണം ബ്രാഞ്ച് കമ്മിറ്റി തന്നെ ബാങ്കിന്‍റെ തട്ടിപ്പുകള്‍ ചര്‍ച്ച ചെയ്‌തിരുന്നു. ബാങ്കിന് കീഴിലുള്ള സൂപ്പര്‍ മാര്‍ക്കറ്റുകളിലെ ഗുണനിലവാരമില്ലായ്‌മ, പരിശോധന നടത്താതെ ഒരേ അപേക്ഷയില്‍ തന്നെ ഒന്നിലേറെ വായ്‌പകള്‍ നല്‍കല്‍ എന്നിവ സംബന്ധിച്ച് സി.പി.എം നേതാവ് കൂടിയായ ബാങ്ക് പ്രസിഡന്‍റ് കെ.കെ ദിവാകരനോട് പാര്‍ട്ടി വിശദീകരണം ചോദിച്ചിരുന്നു.
തട്ടിപ്പ് പുറത്തുവന്നതിന് പിന്നാലെ പൊലീസ് നടത്തിയ പ്രാഥമിക അന്വേഷണത്തില്‍ 300 കോടി രൂപയുടെ ക്രമക്കേട് കണ്ടെത്തി. ബാങ്ക് സെക്രട്ടറി ടി.ആര്‍ സുനില്‍കുമാര്‍, മാനേജര്‍ ബിജു കരീം, കമ്മിഷന്‍ ഏജന്‍റ് കിരണ്‍ തുടങ്ങി 6 മുഖ്യ പ്രതികള്‍ക്ക് പുറമേ 11 ഭരണ സമിതി അംഗങ്ങളെയും തട്ടിപ്പില്‍ പ്രതികളിലാക്കി. പ്രതികളെല്ലാം സി.പി.എം നേതാക്കളോ പ്രവര്‍ത്തകരോ ആയിരുന്നു.
പണാപഹരണത്തിനായി സംഘം ചേരല്‍, പണം തട്ടിയെടുക്കല്‍, വ്യാജരേഖ ചമയ്ക്കല്‍, കംപ്യൂട്ടറില്‍ കൃത്രിമം കാട്ടല്‍, ആള്‍മാറാട്ടം തുടങ്ങി 50 ലേറെ കുറ്റങ്ങൾ പ്രതികള്‍ക്കെതിരെ ചുമത്തി. 300 കോടിയെന്ന പ്രാഥമിക വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ സഹകരണ വിദഗ്‌ധരെ കൂടി ഉള്‍പ്പെടുത്തി ക്രൈം ബ്രാഞ്ച് നടത്തിയ അന്വേഷണത്തില്‍ തട്ടിപ്പ് 226.78 കോടി രൂപയാണെന്ന് കണ്ടെത്തി.
ഈ റിപ്പോര്‍ട്ട് 2021 ആഗസ്റ്റില്‍ കോടതിക്ക് നല്‍കി. എന്നാല്‍ ഇപ്പോള്‍ 104 കോടിയുടെ തട്ടിപ്പ് മാത്രമേ ബാങ്കില്‍ നടന്നിട്ടുള്ളൂവെന്നാണ് സഹകരണ മന്ത്രി വി.എന്‍ വാസവന്‍ പറയുന്നത്. ഏതായാലും പണം പല വഴികളില്‍ ബാങ്കില്‍ നിന്ന് നഷ്ടമായതാണ് നിക്ഷേപകരെ പ്രതിസന്ധിയിലാക്കിയിരിക്കുന്നത്. പണം എന്ന് തിരികെ കിട്ടുമെന്നോ എത്ര രൂപ കിട്ടുമെന്നോ ഒരു നിശ്ചയവുമില്ല.
ഒരു മാസം കൊണ്ട് 9000 കോടിയുടെ നിക്ഷേപം : സഹകരണ വകുപ്പിന്‍റെ കണക്ക് പ്രകാരം സംസ്ഥാനത്ത് ആകെ പ്രവര്‍ത്തിക്കുന്ന സഹകരണ സംഘങ്ങള്‍ 11,994 ആണ്. ഇതില്‍ നിന്നുതന്നെ സംസ്ഥാനത്ത് സഹകരണ മേഖല എത്രത്തോളം ശക്തമാണെന്ന് വ്യക്തമാണ്. ഗ്രാമപ്രദേശങ്ങളില്‍ ജനങ്ങള്‍ അവരുടെ സ്വന്തം ബാങ്കായാണ് സഹകരണ സംഘങ്ങളെ കണക്കാക്കുന്നത്.