സ്വകാര്യ സ്‌കൂളുകള്‍ ഓണ്‍ലൈൻ ക്ലാസുകളുടെ ദൈര്‍ഘ്യം കുറയ്‌ക്കണമെന്ന് മുഖ്യമന്ത്രി - kerala education
ചില വിദ്യാര്‍ഥികള്‍ രണ്ടു മണിക്കൂർ ട്യൂഷൻ ഉൾപ്പെടെ ഏഴ് മണിക്കൂർ വരെ ഓൺലൈൻ പഠനത്തിന് വിധേയരാകേണ്ടി വരുന്നുണ്ട്.
തിരുവനന്തപുരം: സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങൾ അല്ലാത്ത സ്കൂളുകളിലെ ഓൺലൈൻ പഠനത്തിന്‍റെ സമയം സംബന്ധിച്ച് പ്രത്യേക പാഠ്യപദ്ധതി ആവിഷ്കരിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇത്തരം സ്കൂളുകളിലെ കുട്ടികൾ രണ്ടു മണിക്കൂർ ട്യൂഷൻ ഉൾപ്പെടെ ഏഴ് മണിക്കൂർ വരെ ഓൺലൈൻ പഠനത്തിന് വിധേയരാകേണ്ടി വരുന്നു. ഇത് വിദ്യാർഥികൾക്ക് ശാരീരിക മാനസിക ബുദ്ധിമുട്ടുകൾ ഉണ്ടാക്കുമെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. തുടർച്ചയായി ഓൺലൈൻ ക്ലാസിലിരിക്കുന്നത് കുട്ടികളിൽ മാനസിക സമ്മർദ്ദം, ശ്രദ്ധക്കുറവ്, ഉറക്കക്കുറവ്, ദേഷ്യം, സ്വഭാവ പ്രശ്നങ്ങൾ, ആത്മവിശ്വാസക്കുറവ് തുടങ്ങിയ പ്രശ്നങ്ങൾക്ക് വഴിവയ്ക്കും. പൊതുവിദ്യാലയങ്ങൾ ചെയ്യുന്നതുപോലെ നിശ്ചിതസമയം മാത്രം ക്ലാസ് നൽകുകയാണ് വേണ്ടത്. ഓൺലൈൻ വിദ്യാഭ്യാസം തത്സമയം ആക്കുകയും പരസ്പര ആശയവിനിമയത്തിന് അവസരം ഉണ്ടാക്കുകയും വേണം. ഒരു സെഷനിലെ സമയം ഏകദേശം അരമണിക്കൂർ ആക്കണം. ഓരോ സെഷന് ശേഷവും ആവശ്യത്തിന് വിശ്രമം നൽകണം. ക്ലാസുകൾ തുടർച്ചയായി നടത്താതെ രാവിലെയും ഉച്ചയ്ക്കുശേഷവും എന്ന തരത്തിൽ ഇടവേളയിട്ട് നടത്തണം. ഗൃഹപാഠവും അസൈൻമെന്‍റും കുറച്ചു മാത്രമേ പാടുള്ളൂ. സംസ്ഥാനത്തെ പൊതുമേഖലയിലെ ഡിജിറ്റൽ വിദ്യാഭ്യാസ മാതൃക മികച്ചതാണെന്ന് കേന്ദ്ര മാനവവിഭവശേഷി മന്ത്രാലയം അംഗീകരിച്ചിട്ടുണ്ട്. ഇത് സംസ്ഥാനത്തിന് അഭിമാനകരമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.