തിരുവനന്തപുരം: സ്വപ്‌ന സുരേഷ് തനിക്കെതിരെ ഉന്നയിച്ച ആരോപണങ്ങള്‍ തള്ളി മുഖ്യമന്ത്രി പിണറായി വിജയൻ. ഇപ്പോഴത്തെ ആരോപണങ്ങള്‍ ചില രാഷ്ട്രീയ അജണ്ടകളുടെ ഭാഗമാണ്. ഇത്തരം അജണ്ടകള്‍ ജനങ്ങള്‍ തള്ളിക്കളഞ്ഞതാണ്. ഒരു ഇടവേളയ്ക്കു ശേഷം പഴയ കാര്യങ്ങള്‍ തന്നെ കേസില്‍ പ്രതിയായ വ്യക്തിയെ കൊണ്ട് വീണ്ടും പറയിക്കുകയാണെന്നും ഇതില്‍ വസ്‌തുതകളുടെ തരിമ്പുപോലുമില്ലെന്നും മുഖ്യമന്ത്രി പ്രസ്‌താവനയിലൂടെ പറഞ്ഞു.
മുഖ്യമന്ത്രിയുടെ പ്രസ്‌താവന:അസത്യങ്ങള്‍ വീണ്ടും ജനമധ്യത്തില്‍ പ്രചരിപ്പിച്ച് ഈ സര്‍ക്കാരിന്‍റെയും രാഷ്ട്രീയ നേതൃത്വത്തിന്‍റെയും ഇച്ഛാശക്തി തകര്‍ക്കാമെന്നാണെങ്കില്‍ അത് വൃഥാവിലാണെന്ന് ഓര്‍മ്മിപ്പിക്കട്ടെ. ദീര്‍ഘകാലമായി പൊതു രംഗത്ത് നില്‍ക്കുകയും വ്യാജ ആരോപണങ്ങള്‍ നേരിട്ടിട്ടും പതറാതെ പൊതു ജീവിതത്തില്‍ മുന്നോട്ടു നീങ്ങുകയും ചെയ്യുന്നവര്‍ക്കെതിരെ ഇത്തരം വിലകുറഞ്ഞ ആരോപണങ്ങള്‍ ഉന്നയിക്കുന്നതും അത് ഏറ്റെടുക്കുന്നതും ഒരു ഗൂഢപദ്ധതിയുടെ ഭാഗമാണെന്നുള്ളത് വ്യക്തമാണ്.
അത്തരമൊരാളെ കൊണ്ട് പഴയ ആരോപണങ്ങള്‍ അയവിറക്കിച്ച് നേട്ടം കൊയ്യാമെന്നു കരുതുന്നുവര്‍ക്കുള്ള മറുപടി നമ്മുടെ സമൂഹം നല്‍കുമെന്ന ഉറച്ച വിശ്വാസം തനിക്കുണ്ട്. കേരളത്തിന്‍റെ സമഗ്ര വികസനത്തിനും സാമൂഹിക ക്ഷേമത്തിനും വേണ്ടി പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്ന ഇടതു സര്‍ക്കാരിനെ അപകീര്‍ത്തിപ്പെടുത്താന്‍ ഉദ്ദേശിച്ചു കൊണ്ടുള്ള അടിസ്ഥാന രഹിതമായ പ്രചാരണങ്ങളെ ജനങ്ങള്‍ തിരിച്ചറിഞ്ഞ് തള്ളിക്കളയുക തന്നെ ചെയ്യും.
രാജ്യത്തിന്‍റെ സമ്പദ്ഘടനയെ തകര്‍ക്കുന്ന സാമ്പത്തിക കുറ്റകൃത്യങ്ങളുടെ സ്രോതസ് മുതല്‍ അവസാന ഭാഗം വരെയുള്ള കാര്യങ്ങള്‍ അന്വേഷിച്ച് കണ്ടെത്തണമെന്ന കാര്യത്തില്‍ ഒരു വിട്ടു വീഴ്‌ചയും പാടില്ലെന്ന നിര്‍ബന്ധമുള്ള ഞങ്ങള്‍ക്കെതിരെ സങ്കുചിത രാഷ്ട്രീയ താല്‍പര്യങ്ങളാല്‍ ചില കോണുകളില്‍ നിന്നും വീണ്ടും വീണ്ടും അടിസ്ഥാന രഹിതമായ ആരോപണങ്ങള്‍ മാധ്യമങ്ങളിലൂടെ ഉന്നയിക്കപ്പെട്ടിട്ടുണ്ട്.