തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് നിയന്ത്രണങ്ങളുടെ പേരിൽ പൊലീസിനു നേരെ ഉയരുന്ന വിമർശനങ്ങളെ തളളി മുഖ്യമന്ത്രി പിണറായി വിജയൻ. പ്രളയം മുതൽ കൊവിഡ് കാലത്തെ പ്രവര്‍ത്തനങ്ങൾ വരെ എണ്ണി പറഞ്ഞ മുഖ്യമന്ത്രി, ഒരു ജനകീയസേനയെ പോലെയാണ് പൊലീസെന്നും പിഴ ചുമത്തുന്നത് മഹാകാര്യമായി കാണേണ്ടെന്നും നിയമസഭയില്‍ പറഞ്ഞു.
പൊലീസിനെതിരെ നുണകള്‍ പ്രചരിപ്പിക്കുന്നു
കൊവിഡ് മഹാമാരി പ്രതിരോധത്തിൽ മുഴുകിയ പതിനൊന്ന് പൊലീസുകാര്‍ ഇന്ന് നമുക്കൊപ്പമില്ല. കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരുന്ന 17,645 പൊലീസ് ഉദ്യോഗസ്ഥര്‍ക്കാണ് കൊവിഡ് ബാധിച്ചത്. ഇതില്‍ 217 പേര്‍ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ നിന്ന് ചികിത്സ തേടേണ്ട സാഹചര്യവുമുണ്ടായി. വിമര്‍ശനം നല്ലതുതന്നെ, എന്നാല്‍ അത് യാഥാര്‍ഥ്യങ്ങളെ കാണാതെയും നടത്തിയ സേവനങ്ങളെ വിസ്‌മരിച്ച് കൊണ്ടുമാവരുതെന്നും മുഖ്യമന്ത്രി പറഞ്ഞു.
നാട്ടില്‍ നിയമവാഴ്‌ച തുടരുന്നതിന് താല്‍പ്പര്യമില്ലാത്ത വിഭാഗങ്ങള്‍ പൊലീസിനെതിരെ രംഗത്ത് വരുന്നുണ്ട്. തീവ്രവാദികളും വര്‍ഗീയശക്തികളും അരാജകവാദികളും ഈ പ്രവര്‍ത്തനത്തില്‍ ബോധപൂര്‍വ്വം ഇടപെടുന്നുണ്ട്. ഓരോ ദിവസവും പൊലീസിനെതിരെ ഇല്ലാത്ത വാര്‍ത്തകള്‍ നിറംപിടിപ്പിച്ച നുണകളായി പ്രചരിപ്പിക്കുക എന്നത് ഒരു ശൈലിയായി ഇന്ന് മാറിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.