തിരുവനന്തപുരം:ഭരണഘടനയെ വിമര്‍ശിച്ച മന്ത്രി സജി ചെറിയാനില്‍ നിന്ന് വിശദീകരണം തേടി മുഖ്യമന്ത്രി പിണറായി വിജയന്‍. ഭരണഘടനയ്‌ക്ക് നേരെ നടത്തിയ രൂക്ഷ പരാമര്‍ശങ്ങള്‍ വിവാദമായതിനെ തുടര്‍ന്നാണ് മുഖ്യമന്ത്രി വിശദീകരണം തേടിയത്. ഭരണഘടനയെ അല്ല ഭരണകൂടത്തെയാണ് വിമര്‍ശിച്ചതെന്ന് മന്ത്രി വിശദീകരണം നല്‍കിയതായാണ് വിവരം.
ഭരണകൂടം നടത്തുന്ന ഇടപെടലുകളെ കുറിച്ചാണ് പ്രസംഗത്തില്‍ പരാമര്‍ശിച്ചതെന്നും മന്ത്രി മുഖ്യമന്ത്രിക്ക് വിശദീകരണം നല്‍കി. തൊഴിലാളികളെ ചൂഷണം ചെയ്യുന്നതും പ്രസംഗത്തില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ബോധപൂര്‍വമായി ഭരണഘടനയെ അവഹേളിക്കാന്‍ ലക്ഷ്യമിട്ടില്ലെന്നും മന്ത്രി വ്യക്തമാക്കി. മന്ത്രിയുടെ വിശദീകരണം മാധ്യമങ്ങളിലൂടെ നടത്താന്‍ മുഖ്യമന്ത്രി നിര്‍ദേശിച്ചിട്ടുണ്ട്. ഇതിന്‍റെ അടിസ്ഥാനത്തില്‍ മന്ത്രി ഉടന്‍ മാധ്യമങ്ങളെ കാണും.