തിരുവനന്തപുരം :സ്വർണക്കടത്ത് കേസ് അട്ടിമറിക്കാന്‍ ശ്രമിക്കുന്നുവെന്ന് ആരോപിച്ച് പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തര പ്രമേയം ചര്‍ച്ച ചെയ്യുന്നതിനിടെ ക്ഷുഭിതനായി മുഖ്യമന്ത്രി പിണറായി വിജയന്‍. മകള്‍ വീണക്കെതിരെ മൂവാറ്റുപുഴ എംഎല്‍എ മാത്യു കുഴല്‍നാടന്‍ നടത്തിയ പരാമര്‍ശത്തിന് മറുപടി നല്‍കുമ്പോഴാണ് മുഖ്യമന്ത്രി രോഷാകുലനായത്. മാത്യു കുഴല്‍നാടന്‍റെ പേര് എടുത്ത് പറഞ്ഞ മുഖ്യമന്ത്രി മകളെ പറ്റി പറഞ്ഞാല്‍ കിടുങ്ങിപ്പോകുമെന്ന് വിചാരിച്ചോ എന്ന് ചോദിച്ചു.
മുഖ്യമന്ത്രിയുടെ മകള്‍ വീണ പ്രൈസ് വാട്ടർഹൗസ് കൂപ്പേഴ്‌സ് ഡയറക്‌ടര്‍ ജേക്ക് ബാലകുമാര്‍ മെന്‍ററെ പോലെയാണെന്ന് കമ്പനി വെബ്‌സൈറ്റില്‍ പറഞ്ഞിരുന്നുവെന്നാണ് മാത്യു കുഴല്‍നാടന്‍ ആരോപിച്ചത്. ഇത് പച്ചക്കള്ളമാണെന്നും ആരോപണ വിധേയനായ ആള്‍ മെന്‍ററാണെന്ന് മകള്‍ പറഞ്ഞിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. എങ്ങനേയും തട്ടിക്കളയാമെന്നാണ് വിചാരമെന്നും അതിന് വേറെ ആളെ നോക്കണമെന്നും മുഖ്യമന്ത്രി പരിഹസിച്ചു.
മുഖ്യമന്ത്രി അടിയന്തര പ്രമേയത്തിന് മറുപടി നല്‍കുന്നു ആളുകളെ അപകീര്‍ത്തിപ്പെടുത്താന്‍ എന്തും പറയുന്ന സ്ഥിതിയെടുക്കരുത്. വേണ്ടാത്ത കാര്യങ്ങള്‍ പറയാനാണോ സഭാവേദി ഉപയോഗിക്കേണ്ടത്. രാഷ്‌ട്രീയമായി കാര്യങ്ങള്‍ പറയണം, അല്ലാതെ വീട്ടിലുള്ളവരെ ആക്ഷേപിക്കുകയല്ല ചെയ്യേണ്ടതെന്നും മുഖ്യമന്ത്രി പറഞ്ഞു. അടിയന്തര പ്രമേയ ചര്‍ച്ചക്കിടെയാണ് മുഖ്യമന്ത്രിയുടെ മകള്‍ക്കെതിരെ മാത്യു കുഴല്‍നാടന്‍ ആരോപണം ഉന്നയിച്ചത്.
Also read: '10 ചോദ്യങ്ങള്‍ക്ക് മറുപടിയില്ല' ; മുഖ്യമന്ത്രിയുടെ വിശദീകരണത്തോടെ സ്വര്‍ണക്കടത്ത് കേസ് കൂടുതല്‍ ദുരൂഹമായെന്ന് വി.ഡി സതീശന്‍
സ്വപ്‌നയുടെ എന്‍ട്രി പ്രൈസ് വാട്ടർഹൗസ് കൂപ്പേഴ്‌സ് എന്ന കണ്‍സള്‍ട്ടന്‍സി കമ്പനി വഴിയായിരുന്നു. ഇതിന്‍റെ ഡയറക്‌ടര്‍ ജേക്ക് ബാലകുമാർ താന്‍ മെന്‍ററെ പോലെ കാണുന്നയാളാണെന്ന് മുഖ്യമന്ത്രിയുടെ മകള്‍ വീണ തന്‍റെ എക്‌സാ ലോജിക് എന്ന കമ്പനിയുടെ വെബ്‌സൈറ്റില്‍ കുറിച്ചിരുന്നു. ആരോപണങ്ങള്‍ ഉയര്‍ന്നതിന് പിന്നാലെ വെബ്സൈറ്റ് ഡൗണായി. പിന്നീട് വെബ്‌സൈറ്റ് അപ്പായപ്പോള്‍ മെന്‍ററായിരുന്നു എന്ന പരാമര്‍ശം മറയ്ക്കപ്പെട്ടുവെന്നും അത് എന്തുകൊണ്ടാണെന്നുമായിരുന്നു മാത്യു കുഴല്‍നാടന്‍റെ ചോദ്യം.