തിരുവനന്തപുരം: സ്പ്രിംഗ്ലര്‍ വിവാദത്തില്‍ പ്രതിപക്ഷ ആരോപണങ്ങള്‍ പൂര്‍ണ്ണമായും തള്ളി മുഖ്യമന്ത്രി പിണറായി വിജയന്‍. വിവര ചോര്‍ച്ചക്ക് വിദൂര സാധ്യത പോലും ഇല്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഈ സംവിധാനത്തില്‍ വ്യക്തിഗത വിവരങ്ങളുടെ നിയന്ത്രണം സി-ഡിറ്റിന്‍റെ നിയന്ത്രണത്തിലാണ്. ഇടപാട് സര്‍ക്കാരിന് സാമ്പത്തിക ബാധ്യത ഉണ്ടാക്കാത്തതിനാല്‍ അഴിമതി ഇല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. കമ്പനിയുടെ സേവനം സെപ്തംബര്‍ 24 വരെ പൂര്‍ണ സൗജന്യമാണെന്നും അദ്ദേഹം വ്യക്തമാക്കി.
സ്പ്രിംഗ്ലര്‍ വിവാദത്തില്‍ പ്രതിപക്ഷത്തെ തള്ളി മുഖ്യമന്ത്രി - cm pinarayi vijayan on sprinklr
വ്യക്തിഗത വിവരങ്ങളുടെ നിയന്ത്രണം സി-ഡിറ്റിന്‍റെ നിയന്ത്രണത്തിലാണെന്നും കമ്പനിയുടെ സേവനം സെപ്തംബര്‍ 24 വരെ പൂര്‍ണ സൗജന്യമാണെന്നും മുഖ്യമന്ത്രി
റേഷന്‍ കാര്‍ഡുമായി ബന്ധപ്പെട്ട് ഒരു വിവരവും പുറത്ത് നല്‍കിയിട്ടില്ല. ബിപിഎല്‍ റേഷന്‍ കാര്‍ഡുള്ള സാമൂഹിക പെന്‍ഷന്‍ ഇല്ലാത്തവര്‍ക്കുള്ള ധനസഹായത്തിന് അര്‍ഹരായവരെ കണ്ടെത്താന്‍ ഈ വിവരങ്ങള്‍ ഐടി വകുപ്പിന്‍റെ കീഴിലുള്ള ഗവേഷണ സ്ഥാപനമായ ഐ.ഐ.ഐ.ടി.എം.കെയെ ആണ് ചുമതലപ്പെടുത്തിയതെന്നും മുഖ്യമന്ത്രി പറഞ്ഞു.
സ്പ്രിംഗ്ലറുമായുള്ള കരാറിന് നിയമസാധുതയുണ്ട്. സര്‍ക്കാരിന് സാമ്പത്തിക ബാധ്യത ഇല്ലാത്ത ഒരു കരാറില്‍ ഏര്‍പ്പെടുമ്പോള്‍ അത് നിയമവകുപ്പ് അറിയേണ്ട കാര്യമില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. ഐ.ടി സെക്രട്ടറി സ്പ്രിംഗ്ലറിന്‍റെ വെബ്‌സൈറ്റിലെ വീഡിയോയില്‍ വന്നതില്‍ തെറ്റില്ല. എന്തുകൊണ്ടാണ് വീഡിയോ നീക്കിയതെന്ന് അവരോട് തന്നെ ചോദിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.