തിരുവനന്തപുരം : സംസ്ഥാനത്ത് കൊവിഡ് വ്യാപനം കുറയാത്ത സ്ഥിതിയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കഴിഞ്ഞ മൂന്ന് ദിവസത്തെ ശരാശരി ടിപിആര്‍ 10.5ശതമാനം ആണ്. എന്നാല്‍ അനന്തമായി ലോക്ക് ഡൗണ്‍ അടക്കമുള്ള നിയന്ത്രണങ്ങള്‍ കൊണ്ടുപോകാനാകില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
എത്രയും വേഗം സാധാരണ നിലയിലേക്ക് എത്തേണ്ടതുണ്ട്. അതിനുള്ള സാഹചര്യമൊരുക്കുകയാണ് പ്രധാനം. അതിനാലാണ് നിയന്ത്രണങ്ങളില്‍ ഘട്ടം ഘട്ടമായി ഇളവുകള്‍ വരുത്തുന്നത്. ആ ഇളവുകള്‍ ദുരുപയോഗം ചെയ്യപ്പെടുന്ന പ്രവണത അനുവദിക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
രണ്ടാം തരംഗം എന്തുകൊണ്ട് അവസാനിക്കുന്നില്ല
കൊവിഡ് രണ്ടാം തരംഗം മറ്റ് സംസ്ഥാനങ്ങളില്‍ കെട്ടടങ്ങി തുടങ്ങിയെങ്കിലും കേരളത്തിലെന്തുകൊണ്ടാണ് രോഗികളുടെ എണ്ണത്തില്‍ കുറവ് വരാത്തതെന്ന് പലരും ആശങ്കപ്പെടുന്നുണ്ട്.
മാര്‍ച്ച് മധ്യത്തില്‍ മറ്റ് സംസ്ഥാനങ്ങളില്‍ ആരംഭിച്ച കൊവിഡ് രണ്ടാം തരംഗം കേരളത്തില്‍ അല്‍പ്പം വൈകി മെയ് മാസത്തോടെയാണ് തുടങ്ങിയത്.
ഒന്നാം തരംഗത്തിന്‍റെ അവസാനത്തോടെ ഐസിഎംആര്‍ നടത്തിയ സീറോ പ്രിവലന്‍സ് പഠനമനുസരിച്ച് രോഗവ്യാപനനിരക്ക് മറ്റ് സംസ്ഥാനങ്ങളുടേതിന്‍റെ പകുതി മാത്രമായിരുന്നു കേരളത്തില്‍.
അതിനാല്‍ രണ്ടാം തരംഗത്തില്‍ രോഗസാധ്യതയുള്ളവര്‍ സംസ്ഥാനത്ത് കൂടുതലായിരുന്നു. അതിനാലാണ് രോഗികളുടെ എണ്ണം വര്‍ധിച്ചത്.
ഡെൽറ്റ വൈറസ്
രണ്ടാംതരംഗത്തില്‍ രോഗവ്യാപന സാധ്യത വളരെയെറെയുള്ള ഡെല്‍റ്റ വൈറസ് വകഭേദം കേരളത്തില്‍ എത്തി. ജനസാന്ദ്രത കൂടുതലായതിനാല്‍ ഡെല്‍റ്റ വൈറസ് വ്യാപനം കേരളത്തില്‍ വര്‍ധിച്ചു.