തിരുവനന്തപുരം:ആദായ നികുതിയുമായി ബന്ധപ്പെട്ട മാറ്റങ്ങൾ പ്രവാസി ഇന്ത്യക്കാർക്ക് ഇരുട്ടടിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേന്ദ്ര ബജറ്റിലെ നികുതി മാറ്റങ്ങൾ പ്രവാസി ഇന്ത്യക്കാരെ ഗുരുതരമായി ബാധിക്കുന്നതായി ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി പ്രധാനമന്ത്രിയ്ക്ക് കത്തയച്ചു. ബജറ്റിനോടൊപ്പം അവതരിപ്പിച്ച ധനബില്ലിൽ ഇന്ത്യയിൽ നികുതി അടയ്ക്കുന്നതിനു വേണ്ട സ്ഥിരവാസി പദവി നിശ്ചയിക്കുന്നതിനാവശ്യമായ വ്യവസ്ഥകൾ ഉൾക്കൊള്ളുന്ന ഇൻകം ടാക്സ് ആക്ട് 1961ലെ സെക്ഷൻ 6 ഭേദഗതി ചെയ്യാനുള്ള ശുപാർശ പ്രവാസികളെ രൂക്ഷമായി ബാധിക്കും. നിലവിൽ, 182ഓ അതിൽ കൂടുതലോ ദിവസം ഇന്ത്യയിൽ താമസിക്കുന്ന ഇന്ത്യൻ പൗരന്മാരേയോ, ഇന്ത്യയിൽ ജനിച്ച ആളുകളേയോ ആണ് സ്ഥിരവാസികളായി കണക്കാക്കുന്നത്. ഈ കാലയളവ് 120 ദിവസങ്ങളായി കുറയ്ക്കുന്നതാണ് ഭേദഗതി നിർദേശം.
സാധാരണ ഗതിയില്‍ ഇന്ത്യയില്‍ താമസിക്കുന്ന ഒരാള്‍ ലോകത്ത് എവിടെ നിന്നും വരുമാനം ഉണ്ടാക്കിയാലും അത് ഇന്ത്യയിൽ നികുതിയ്ക്ക് വിധേയമാണ്. എന്നാല്‍ സ്ഥിരവാസി അല്ലാത്ത ഒരാള്‍ക്ക് ഇതില്‍ ഇളവുണ്ട്. ആ ഇളവാണ് ഇല്ലാതാവുകയെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. ധനകാര്യ ബില്ലിന്റെ വിശദീകരണ കുറിപ്പിൽ നികുതി വെട്ടിപ്പ് പരിശോധിക്കാനാണെന്ന് പറയുന്നുണ്ടെങ്കിലും ഭൂരിപക്ഷം വരുന്ന കൃത്യമായി നികുതി നിയമങ്ങൾ പാലിക്കുന്ന ആളുകളെകളെയാണ് ഭേദഗതി ബാധിക്കുക. മധ്യപൂര്‍വേഷ്യന്‍ രാജ്യങ്ങളിലുള്ള ഭൂരിപക്ഷം മലയാളികളും കേരളത്തിൽ വീടും കുടുംബവും ബന്ധുക്കളും ഉള്ളവരാണ്. വീട്ടുകാര്യങ്ങൾക്കായി അവർ കേരളത്തിൽ വരികയും താമസിക്കുകയും ചെയ്യുന്നു. നികുതി വെട്ടിപ്പ് അവരുടെ ലക്ഷ്യമല്ല. നികുതി ഒഴിവാക്കുന്നതിന് വേണ്ടി രാജ്യം വിടുന്നവരുടെ കൂട്ടത്തില്‍ പെടുന്നവരല്ല അവരെന്നും മുഖ്യമന്ത്രി വിമർശനമുന്നയിച്ചു.