കേരളം

kerala

ETV Bharat / city

'കേരള രാഷ്ട്രീയത്തിലെ സൗമ്യ സാന്നിധ്യം'; ഹൈദരലി തങ്ങളുടെ വിയോഗത്തില്‍ അനുശോചിച്ച് മുഖ്യമന്ത്രിയും പ്രതിപക്ഷനേതാവും - kerala cm condolence thangal

രാഷ്ട്രീയമായി വ്യത്യസ്‌ത ധ്രുവങ്ങളിൽ നിൽക്കുമ്പോഴും വ്യക്തിപരമായ സൗഹൃദം കാത്തുസൂക്ഷിക്കുന്നതിൽ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ എന്നും ശ്രദ്ധിച്ചിരുന്നുവെന്ന് മുഖ്യമന്ത്രി

തങ്ങള്‍ മുഖ്യമന്ത്രി അനുശോചനം  പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ മരണം  ഹൈദരലി ശിഹാബ് തങ്ങള്‍ അന്തരിച്ചു  പിണറായി തങ്ങള്‍ അനുശോചനം  പ്രതിപക്ഷ നേതാവ് തങ്ങള്‍ അനുശോചനം  pinarayi condoles death of thangal  sayed hyderali shihab thangal passes away  iuml leader death latest  kerala cm condolence thangal  vd satheesan condoles thangal
'കേരള രാഷ്ട്രീയത്തിലെ സൗമ്യ സാന്നിധ്യം'; തങ്ങളുടെ വിയോഗത്തില്‍ അനുശോചനം രേഖപ്പെടുത്തി മുഖ്യമന്ത്രി

By

Published : Mar 6, 2022, 3:24 PM IST

തിരുവനന്തപുരം: മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ വിയോഗത്തിൽ അനുശോചിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. മലപ്പുറം ജില്ല ലീഗ് അധ്യക്ഷൻ എന്ന നിലയിലും സംസ്ഥാന അധ്യക്ഷൻ എന്ന നിലയിലും കേരള രാഷ്ട്രീയത്തിലെ സൗമ്യ സാന്നിധ്യമായിരുന്നു ഇക്കാലമത്രയും അദ്ദേഹം. മതസൗഹാർദം നിലനിർത്തുന്നതിൽ ഊന്നിയ സമീപനമായിരുന്നു അദ്ദേഹത്തിന്‍റേത്. രാഷ്ട്രീയമായി വ്യത്യസ്‌ത ധ്രുവങ്ങളിൽ നിൽക്കുമ്പോഴും വ്യക്തിപരമായ സൗഹൃദം കാത്തുസൂക്ഷിക്കുന്നതിൽ എന്നും ശ്രദ്ധിച്ചിരുന്നുവെന്നും മുഖ്യമന്ത്രി അനുസ്‌മരിച്ചു.

രാഷ്ട്രീയ പ്രവർത്തനത്തിന് പുറമേ മറ്റ് നിരവധി സംഘടനകളുടെ നേതൃത്വ പദവികളിലും അദ്ദേഹം ദീർഘകാലം പ്രവർത്തിച്ചു. അനാഥ മന്ദിരങ്ങളുടെയും വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും നേതൃസ്ഥാനങ്ങളിലും അദ്ദേഹം ഉണ്ടായിരുന്നു. മത നേതാവ് എന്ന നിലയിലും സമസ്‌ത കേരള ജംഇയ്യത്തുൽ ഉലമയുടെ ഉന്നത നേതാവ് എന്ന നിലയിലും അദ്ദേഹത്തിന്‍റെ പ്രവർത്തനം ശ്രദ്ധേയമായിരുന്നു. ഇസ്ലാമിക പണ്ഡിതനായ തങ്ങൾ അനേകം മഹല്ലുകളുടെ ഖാസി എന്ന നിലയിലും ഏറെ ആദരവ് പിടിച്ചുപറ്റിയിരുന്നുവെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

Read more: പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ അന്തരിച്ചു

സ്നേഹ, സാഹോദര്യങ്ങൾ നിറഞ്ഞുതുളുമ്പിയ വ്യക്തിത്വമായിരുന്നു പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടേതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ അനുസ്‌മരിച്ചു. കേരള പൊതു ജീവിതത്തിലെ സൗമ്യ സാന്നിധ്യമാണ് മറഞ്ഞുപോകുന്നത്. രാഷ്ട്രീയ, സാമൂഹിക, ആത്മീയ രംഗങ്ങളിൽ നിസ്‌തുലമായ സംഭാവനകൾ നൽകിയ വ്യക്തിത്വമായിരുന്നു അദ്ദേഹം.

യുഡിഎഫ് രാഷ്ട്രീയത്തെ മുന്നിൽ നിന്നു നയിച്ച അദ്ദേഹം, എന്നും മത സാഹോദര്യത്തിനും മതേതരത്വത്തിനും രാജ്യത്തിൻ്റെ ഐക്യത്തിനും അഖണ്ഡതയ്ക്കുമായി പ്രവർത്തിച്ചു. ഫാസിസ്റ്റ് ശക്തികളും വിഭാഗീയതയും രാജ്യത്തെ പിന്നോട്ട് വലിക്കുന്ന ഈ കാലത്ത് ശരിക്കൊപ്പം എന്നും നിന്ന ഈ വലിയ മനുഷ്യൻ കടന്നുപോകുന്നത് തീരാനഷ്‌ടമാണ്. അദ്ദേഹം എന്നും സ്നേഹവാത്സല്യങ്ങൾ തന്നിരുന്നു. കൃത്യമായ ഉപദേശവും നിർദേശങ്ങളും നൽകിയിരുന്നു. ഗുരുസ്ഥാനീയനായ ഹൈദരലി ശിഹാബ് തങ്ങൾക്ക് പ്രണാമം അര്‍പ്പിക്കുന്നുവെന്നും വി.ഡി സതീശന്‍ കൂട്ടിച്ചേര്‍ത്തു.

ABOUT THE AUTHOR

...view details