തിരുവനന്തപുരം :കേന്ദ്രം തത്വത്തിൽ അനുമതി നൽകിയ കെ റെയിൽ പദ്ധതിക്കെതിരെ ഇതുവരെയില്ലാത്ത ഉടക്കുന്യായങ്ങൾ ഉയർന്നത് സർക്കാരിന് തുടർ ഭരണം ലഭിച്ചതിനെ തുടർന്നാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. എൽഡിഎഫിൻ്റെ ആദ്യ സിൽവർലൈൻ പ്രചരണയോഗം പുത്തരിക്കണ്ടം മൈതാനത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.
ആദ്യം അതൃപ്തി കാട്ടിയവർ പിന്നീട് ദൃശ്യ മാധ്യമങ്ങളിൽ വന്ന് തിരുത്തിപ്പറഞ്ഞത് അവർക്ക് കൈനിറയെ നഷ്ടപരിഹാരം കിട്ടുന്നതുകൊണ്ടാണെന്ന് മുഖ്യമന്ത്രി അവകാശപ്പെട്ടു. ജനങ്ങളെ വഴിയാധാരമാക്കിക്കൊണ്ടല്ല വികസനം നടപ്പാക്കുക. പൊളിച്ചുമാറ്റുന്ന കെട്ടിടങ്ങളുടെ എണ്ണം പരമാവധി കുറച്ച് ഏറ്റവും മികച്ച നഷ്ടപരിഹാരവും പുനരധിവാസവും നടപ്പാക്കും. സാമൂഹ്യാഘാത പഠനത്തിന് വേണ്ടിയാണ് കല്ലിടൽ. പഠനത്തിലൂടെയേ ആഘാതത്തിൻ്റെ തീവ്രത മനസിലാക്കാനാവൂ. ആഘാതം പരമാവധി കുറച്ച് പദ്ധതി നടപ്പാക്കാൻ പഠനം വേണമെന്നും അദ്ദേഹം പറഞ്ഞു.
കടക്കെണിയിലാക്കില്ല :സിൽവർ ലൈൻ പരിസ്ഥിതി ലോല പ്രദേശങ്ങളിലൂടെയും വന്യജീവി സങ്കേതങ്ങളിലൂടെ കടന്നുപോകുന്നില്ല. നദികളുടെ ഒഴുക്ക് തടയില്ല. മറ്റിടങ്ങളിൽ തൂണുകളിലൂടെയാണ് റെയിൽ കടന്നുപോകുന്നത്. പരിസ്ഥിതി സൗഹൃദ മാതൃകയിലാണ് പദ്ധതി നടപ്പാക്കുക. കെ-റെയിൽ വരുന്നതോടെ കാർബൺ ബഹിർഗമനവും ഫോസിൽ ഇന്ധനങ്ങളുടെ ഉപയോഗവും കുറയുന്നത് സംസ്ഥാനത്തിന് നേട്ടമാണ്.
63941 കോടിയാണ് പദ്ധതിച്ചെലവ്. 56881 കോടി അഞ്ചുവർഷം കൊണ്ട് ചെലവാക്കും. കുറഞ്ഞ പലിശ നിരക്കിലുള്ള വായ്പയെടുത്താണ് പദ്ധതിക്ക് പണം കണ്ടെത്തുക. പദ്ധതി കേരളത്തെ കടക്കെണിയിലാക്കില്ലെന്നും എല്ലായിടത്തും വൻകിട പദ്ധതികൾ വായ്പയെടുത്താണ് നടപ്പാക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.