തിരുവനന്തപുരം: സംസ്ഥാനത്ത് ദിവസേനയുള്ള കൊവിഡ് പരിശോധന മൂവായിരത്തിലെത്തിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്ഥാനത്ത് കൊവിഡ് പരിശോധന കുറവാണെന്ന വിമർശനത്തിനിടെയാണ് പരിശോധന സംബന്ധിച്ച വിവരങ്ങൾ മുഖ്യമന്ത്രി വിശദമാക്കിയത്. ആലപ്പുഴ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ മാത്രമുണ്ടായിരുന്ന സ്രവ പരിശോധന സംസ്ഥാന സർക്കാറിന്‍റെ ശ്രമഫലമായാണ് 15 സർക്കാർ ലാബുകളിലേക്കും സ്വകാര്യ ലാബുകളിലേക്കും വ്യാപിപ്പിച്ചത്.
ദിവസേനയുള്ള കൊവിഡ് പരിശോധന മൂവായിരത്തിൽ എത്തിക്കും - പിണറായി വിജയൻ വാര്‍ത്തകള്‍
സംസ്ഥാനത്ത് കൊവിഡ് പരിശോധന കുറവാണെന്ന വിമർശനത്തിന് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി.
ഐസിഎംആറിന്‍റെ നിർദ്ദേശങ്ങൾ പാലിച്ചു തന്നെയാണ് കേരളത്തിൽ പരിശോധനകൾ നടത്തുന്നത്. വ്യാപകമായി ആന്‍റി ബോർഡ് ടെസ്റ്റ് നടത്താൻ തീരുമാനിച്ചിരുന്നുവെങ്കിലും കിറ്റുകൾക്ക് ഗുണനിലവാരമില്ലെന്ന ഐസിഎംആർ നിർദേശത്തെ തുടർന്നാണ് അത് നടപ്പിലാക്കാൻ കഴിയാത്തത്. സംസ്ഥാനത്തിന് പുറത്ത് നിന്ന് കൂടുതൽ ആളുകൾ എത്തുന്നതോടെ പരിശോധനയും വർധിപ്പിക്കും.
ജലദോഷപ്പനി ഉള്ളവരെയും ടെസ്റ്റ് ചെയ്യണമെന്നാണ് ഐസിഎംആർ നിർദേശം. അത് നടപ്പാക്കും. കണക്കുകൾ പൂഴ്ത്തുന്നു എന്ന് ആരോപിച്ച് കേരളത്തിന്‍റെ മുന്നേറ്റത്തെ മറച്ചു വെക്കാനാകില്ല. സമ്പർക്കത്തിലൂടെ ഏറ്റവും കുറച്ച് പേർക്ക് രോഗംപകരുന്ന സംസ്ഥാനമാണ് കേരളം. രോഗമുക്തിയിലും മുന്നിലാണ്. മരണ നിരക്ക് ദേശീയ ശരാശരി 2. 89 ആണ് എന്നാൽ സംസ്ഥാനത്തേത് 0.5 മാത്രമാണ്. കേരളത്തിന് അഭിനന്ദനം മാത്രമാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിൽ നിന്ന് ലഭിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു.