കേരളം

kerala

ETV Bharat / city

കാലാവസ്ഥ വ്യതിയാനം മത്സ്യസമ്പത്തിനെ ബാധിക്കുമെന്ന് അന്താരാഷ്ട്ര പഠനം - International study on Fisheries

ഇന്ത്യയിൽ ഒന്നര പതിറ്റാണ്ടിലെ കണക്കുകൾ പരിശോധിക്കിക്കുമ്പോൾ പഠന റിപ്പോർട്ട് ശരിവക്കുന്നുവെന്ന് കണ്ടെത്തൽ.

കാലാവസ്ഥ വ്യതിയാനം മത്സ്യസമ്പത്തിനെ ബാധിക്കും  ആഗോള മത്സ്യസമ്പത്ത്  മാരികൾച്ചർ  കാലാവസ്ഥ വ്യതിയാനം മാരികൾച്ചറിനെ ബാധിക്കും  climate change could affect fisheries  International study on Fisheries  study on Mari culture
കാലാവസ്ഥ വ്യതിയാനം മത്സ്യസമ്പത്തിനെ ബാധിക്കുമെന്ന് അന്താരാഷ്ട്ര പഠനം

By

Published : Jan 3, 2022, 10:10 PM IST

തിരുവനന്തപുരം:കാലാവസ്ഥാവ്യതിയാനം ആഗോള മത്സ്യസമ്പത്തില്‍ കനത്ത ഇടിവുണ്ടാക്കുമെന്ന മുന്നറിയിപ്പുമായി അന്താരാഷ്ട്ര പഠനം. കടല്‍മത്സ്യവിഭവങ്ങളുടെ ഉത്പാദനത്തിലെ 2015 വരെയുളള സ്ഥിതിവിവരക്കണക്കുകള്‍ ആഗോളതലത്തില്‍ പരിശോധിച്ചാണ് യൂണിവേഴ്‌സിറ്റി ഒഫ് ബ്രിട്ടിഷ് കൊളംബിയയിലെ വിദഗ്‌ധർ ഈ നിഗമനത്തിലേക്കെത്തുന്നത്. കടല്‍വിഭവങ്ങളുടെ ഉത്പാദനത്തിന് മാത്രമായുളള പ്രത്യേക സാമ്പത്തിക മേഖലകള്‍ ഉള്‍പ്പെടെ മാരികള്‍ച്ചറുമായി ബന്ധപ്പെട്ട എഴുപതു ശതമാനം ഉത്പാദനകേന്ദ്രങ്ങളും പഠനത്തിനു വിധേയമാക്കിയാണ് റിപ്പോര്‍ട്ട് പുറത്തു വിട്ടത്.

ഫോസ്സില്‍ ഇന്ധനങ്ങള്‍ കത്തുമ്പോള്‍ പുറത്തുവിടുന്ന ചൂടും അതുമൂലമുണ്ടാകുന്ന കാലാവസ്ഥാ മാറ്റങ്ങളും സമുദ്രതാപനില വര്‍ധിപ്പിക്കുന്നതടക്കമുളള പരിസ്ഥിതി മാറ്റങ്ങള്‍ക്ക് വഴിയൊരുക്കുകയാണ്. ഇതിന്‍റെ ഫലമായി വ്യാവസായികാടിസ്ഥാനത്തില്‍ കടലില്‍ കൂടൊരുക്കി (കേജ്) നടത്തുന്ന മത്സ്യോത്പാദനം ഈ നൂറ്റാണ്ടിന്‍റെ അവസാനത്തോടെ 16 ശതമാനം വരെ കുറയുമെന്നാണ് പ്രവചനം.

കാലാവസ്ഥ വ്യതിയാനം മത്സ്യസമ്പത്തിനെ ബാധിക്കുമെന്ന് അന്താരാഷ്ട്ര പഠനം

സാല്‍മണ്‍ (ചെമ്പല്ലി) ഇനത്തില്‍പ്പെട്ട മീനുകള്‍ മുതല്‍ വടക്കന്‍ കേരളത്തിന്‍റെ കടലുകളിലെ പതിവു വിഭവമായ കല്ലുമ്മേക്കായ വരെയുള്ളവയുടെ ഉത്പാദനം കുറയാന്‍ സാധ്യതയുണ്ടെന്ന് പഠനം പറയുന്നു. ഫോസില്‍ ഇന്ധനങ്ങളുടെ (കല്‍ക്കരി, പെട്രോളിയം, പ്രകൃതിവാതകങ്ങള്‍) ഉപയോഗം നിലവിലെ നിരക്കില്‍ തുടര്‍ന്നാല്‍ കടല്‍ മത്സ്യകൃഷിയില്‍ ഉണ്ടാകാവുന്ന പരമാവധി വളര്‍ച്ച 2050 ഓടെ എട്ടു ശതമാനം മാത്രമായിരിക്കുമെന്നാണ് പഠനം വ്യക്തമാക്കുന്നത്. അതേസമയം പിന്നീടുളള നാല്‍പതു വര്‍ഷങ്ങള്‍ കൊണ്ട് 16 ശതമാനം കുറവാണ് ഉണ്ടാകുക.

കടലില്‍ വളര്‍ത്തുന്ന മത്സ്യങ്ങള്‍ക്ക് തീറ്റ നിര്‍മിക്കാന്‍ ഉപയോഗിക്കുന്ന ചെറുമത്സ്യങ്ങളില്‍ ഗണ്യമായ കുറവുണ്ടാകുന്നതും മാരികള്‍ച്ചറിനെ പ്രതികൂലമായി ബാധിക്കും. എമിഷന്‍ നിരക്ക് ഏറ്റവും കുറഞ്ഞ നിലയില്‍ പോലും (ലോ എമിഷന്‍) മാരികള്‍ച്ചറിന് നൂറ്റാണ്ടിന്‍റെ മധ്യത്തോടെ ഉണ്ടാകാവുന്ന പരമാവധി വളര്‍ച്ച 17 ശതമാനമാണ്. എമിഷന്‍ നിരക്ക് കൂടിയാല്‍ കാര്യമായി ബാധിക്കുക നോര്‍വേ, മ്യാന്‍മര്‍, ബംഗ്ലാദേശ്, നെതര്‍ലാന്‍ഡ്, ചൈന തുടങ്ങിയ രാജ്യങ്ങളെയാണ്. ഈ രാജ്യങ്ങളുടെ മത്സ്യസമ്പത്തില്‍ 40 ശതമാനം മുതല്‍ 90 ശതമാനം വരെ കുറവാണ് സംഭവിക്കുക.

ഇന്ത്യയിലെ അവസ്ഥ

പഠന റിപ്പോര്‍ട്ട് ശരിവയ്ക്കുന്നതാണ് രാജ്യത്തെ മത്സ്യസമ്പത്ത് സംബന്ധിച്ച ഒന്നര പതിറ്റാണ്ടിലെ കണക്കുകളെന്ന് പ്രമുഖ പരിസ്ഥിതി പ്രവര്‍ത്തകനായ എ ജെ വിജയന്‍ ചൂണ്ടിക്കാട്ടുന്നു. കേരളത്തിലെ ഏറ്റവും പ്രശസ്‌തമായ ചാള മത്സ്യത്തിന്‍റെ ഉത്പാദനത്തില്‍ വന്ന കുറവാണ് അദ്ദേഹം ഉദാഹരിക്കുന്നത്. ചാള പോലുളള മത്സ്യങ്ങള്‍ കിട്ടാതായാല്‍ അത് സാധാരണക്കാരന്‍റെ ഭക്ഷണശീലങ്ങളെയും സാമ്പത്തികാവസ്ഥയെയും ബാധിക്കും. ഉയര്‍ന്ന വില കൊടുത്ത് വലിയ മത്സ്യങ്ങള്‍ വാങ്ങിക്കഴിക്കാന്‍ ശേഷിയില്ലാത്തവര്‍ മത്സ്യം ഉപേക്ഷിക്കേണ്ടിവരും. മത്സ്യത്തൊഴിലാളികളും ഉപജീവനത്തിന് ബുദ്ധിമുട്ടും.

അറബിക്കടലിലെ താപനില ഉയര്‍ന്നതു മൂലമുണ്ടാകുന്ന പാരിസ്ഥിതിക പ്രത്യാഘാതങ്ങള്‍ കേരളത്തെ ബാധിച്ചിട്ടുണ്ട്. രാജ്യത്തെ പ്രകൃതിദത്ത മത്സ്യസമ്പത്തിന്‍റെ വാര്‍ഷിക ശരാശരി ഉത്പാദനം 44 ദശലക്ഷം ടണ്‍ ആണ്. കഴിഞ്ഞ 15 വര്‍ഷമായി ഇതില്‍ കാര്യമായ വളര്‍ച്ചയില്ല. ഈ പശ്ചാത്തലത്തില്‍ മത്സ്യവിപണിയെ ഉണര്‍ത്തുന്നതിനാണ് കേന്ദ്രസര്‍ക്കാര്‍ കടലിലെ മത്സ്യകൃഷി പ്രോത്സാഹിപ്പിക്കുന്നത്.

മാരികള്‍ച്ചറിലൂടെ 50 ദശലക്ഷം ടണ്‍ മത്സ്യോത്പാദനം ലക്ഷ്യം വയ്ക്കുന്ന സര്‍ക്കാരിന് കാലാവസ്ഥ വ്യതിയാനം വന്‍ തിരിച്ചടിയാവും. കാലാവസ്ഥ വ്യതിയാനം മൂലം ഏതെങ്കിലും ഒരു മത്സ്യത്തിന് രോഗം വന്നാല്‍ പടരുകയും മൊത്തം മത്സ്യങ്ങളും ചത്തൊടുങ്ങുകയും ചെയ്യുന്ന ദുരവസ്ഥയാണ് പലപ്പോഴും ഫാം ഫിഷിംഗിന് തകര്‍ച്ചയുണ്ടാക്കുക.

ഏറ്റവും കുറഞ്ഞ എമിഷന്‍ നിരക്കില്‍, മത്സ്യാഹാരത്തിന് ഇപ്പോഴത്തേതിന്‍റെ 25 ശതമാനമെങ്കിലും പകരം ഭക്ഷ്യവസ്‌തു ഉപയോഗിച്ചാല്‍ നൂറ്റാണ്ടിന്‍റെ മധ്യത്തോടെ 25 ശതമാനം മത്സ്യസമ്പത്ത് വര്‍ധിപ്പിക്കാമെന്നും പഠന റിപ്പോര്‍ട്ട് പറയുന്നു. അതേസമയം ചെറുമീനുകളെപ്പോലും പ്രജനനത്തിന് അവസരം കൊടുക്കാതെ കൂട്ടത്തോടെ പിടികൂടുന്ന നിലവിലെ ട്രോളിംഗ് സമ്പദായത്തില്‍ അത് ഏതാണ്ട് അസാധ്യമാണെന്ന് തന്നെയാണ് വിദഗ്‌ധരുടെ കണക്കുകൂട്ടല്‍.

ALSO READ:വീണ്ടും മിന്നല്‍ 'സുൽത്താന', ടൂറിസ്റ്റുകളുടെ വാഹനം പിന്തുടരുന്ന ദൃശ്യങ്ങൾ

ABOUT THE AUTHOR

...view details