തിരുവനന്തപുരം : സംസ്ഥാനത്ത് കൊവിഡ് നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവുകള്‍. ഒക്ടോബര്‍ 25 മുതല്‍ നിബന്ധനകളോടെ സിനിമ തിയേറ്ററുകളും ഇന്‍ഡോര്‍ ഓഡിറ്റോറിയങ്ങളും തുറക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു.
തൊഴിലാളികളും സിനിമ കാണാന്‍ എത്തുന്നവരും രണ്ട് ഡോസ് വാക്‌സിന്‍ സ്വീകരിച്ചിരിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍റെ അധ്യക്ഷതയില്‍ ചേര്‍ന്ന കൊവിഡ് അവലോകന യോഗം വ്യക്തമാക്കി.
50 ശതമാനം സീറ്റുകളില്‍ കാണികള്‍ക്ക് പ്രവേശനം അനുവദിക്കും. ഒക്ടോബര്‍ 18 മുതല്‍ കോളജുകളിലെ എല്ലാ വര്‍ഷ ക്ലാസുകളും ആരംഭിക്കും.
വിദ്യാര്‍ഥികളും ജീവനക്കാരും രണ്ട് ഡോസ് വാക്‌സിന്‍ സ്വീകരിച്ചിരിക്കണം എന്ന നിബന്ധനയിലാണ് കോളജുകളിലെ പ്രവേശനം.
ALSO READ:IPL 2021 : മുംബൈക്ക് ബാറ്റിങ് തകർച്ച,ഡൽഹിക്ക് 130 റണ്‍സ് വിജയ ലക്ഷ്യം
പ്രീമെട്രിക് ഹോസ്റ്റലുകള്‍, മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളുകള്‍ എന്നിവ ബയോബബിള്‍ മാതൃകയില്‍ നവംബര്‍ ഒന്ന് മുതല്‍ തുറന്നുപ്രവര്‍ത്തിക്കും.
വിവാഹ, മരണാനന്തര ചടങ്ങുകള്‍ക്ക് 50 പേര്‍ക്ക് പങ്കെടുക്കാം. 50 പേരെ ഉള്‍പ്പെടുത്തി ശാരീരിക അകലം പാലിച്ച് നവംബര്‍ ഒന്നു മുതല്‍ ഗ്രാമസഭകള്‍ ചേരാം.
സ്‌കൂളുകള്‍ തുറക്കുമ്പോള്‍ കുട്ടികള്‍ക്കുണ്ടാകുന്ന സാധാരണ രോഗങ്ങള്‍ പോലും കൊവിഡ് ആയി തെറ്റിദ്ധരിച്ചേക്കാമെന്നതിനാല്‍ ഡോക്‌ടര്‍മാരുടെ നിരീക്ഷണം ശക്തിപ്പെടുത്തണമെന്നും യോഗത്തില്‍ മുഖ്യമന്ത്രി നിര്‍ദേശിച്ചതായി വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കുന്നു.