തിരുവനന്തപുരം: വിദ്യാർഥികളുടെ മാനസിക സമ്മർദം കുറയ്ക്കാൻ മാനസിക-സാമൂഹ്യ ആരോഗ്യപദ്ധതിയുമായി സർക്കാർ. ലോക്ക് ഡൗൺ, പഠന സംബന്ധ മാനസിക ബുദ്ധിമുട്ടുകൾ നേരിടുന്ന കുട്ടികൾക്ക് ദിശാ നമ്പറായ 1056 ലും ജില്ലാ മാനസിക ആരോഗ്യ പദ്ധതി കേന്ദ്രങ്ങളിലും വിളിക്കാമെന്ന് ആരോഗ്യ-സാമൂഹികനീതി വകുപ്പ് മന്ത്രി കെ.കെ. ശൈലജ അറിയിച്ചു.
എസ്.എസ്.എൽ.സി, പ്ലസ് ടു ഉൾപ്പെടെയുള്ള പരീക്ഷാഫലങ്ങൾ ഉടൻ വരാനിരിക്കുന്ന സാഹചര്യത്തിൽ മാനസിക ബുദ്ധിമുട്ടുകളും വിഷാദവും ഉത്കണ്ഠയുമുള്ളവർ ഈ അവസരം ഉപയോഗപ്പെടുത്തണമെന്ന് മന്ത്രി അഭ്യർഥിച്ചു. ഇക്കാര്യത്തിൽ രക്ഷിതാക്കളും ശ്രദ്ധപുലർത്തണമെന്നും മന്ത്രി പറഞ്ഞു. കൊവിഡ് പ്രതിരോധത്തോടനുബന്ധിച്ച് 'ഒറ്റക്കല്ല, ഒപ്പമുണ്ട്' ക്യാമ്പയിനിന്‍റെ ഭാഗമായി വിവിധ മേഖലകളിൽ മാനസിക സമ്മർദം കുറയ്ക്കാനുള്ള നടപടികൾ സർക്കാർ സ്വീകരിച്ചുവരുന്നതായും മന്ത്രി വ്യക്തമാക്കി.