തിരുവനന്തപുരം: തന്നോടൊപ്പം നിന്ന് ഫോട്ടോ എടുത്തു എന്നത് കൊണ്ട് മുട്ടില്‍ മരംമുറി കേസില്‍ ആരോപണ വിധേയനായ മാധ്യമ പ്രവര്‍ത്തകന്‍ കുറ്റക്കാരനെങ്കില്‍ ഒരിളവും ലഭിക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അദ്ദേഹം കുറ്റവാളിയാണെങ്കില്‍ അതിന്‍റെ പേരില്‍ നടപടിയുണ്ടാകുക തന്നെ ചെയ്യും.
അദ്ദേഹം തന്‍റെ നാട്ടുകാരനാണ്. ഓണത്തിന് തന്നെ കാണാന്‍ കണ്ണൂരിലെ വീട്ടില്‍ വന്നു, ഫോട്ടോ എടുക്കണമെന്നു പറഞ്ഞു. എന്തിനാണെന്നു ചോദിച്ചപ്പോള്‍ കുറെ നാളായി ഒരു ഫോട്ടോ എടുത്തിട്ടെന്നു പറഞ്ഞു. അങ്ങനെ ഫോട്ടോ എടുത്തതില്‍ ഒരു തെറ്റുമില്ല. നിങ്ങള്‍ മാധ്യമ പ്രവര്‍ത്തകര്‍ക്ക് അദ്ദേഹത്തിനെതിരെ എന്തെങ്കിലും ഉദ്ദേശ്യമുണ്ടെങ്കില്‍ അത് തന്‍റെ പേരില്‍ വേണ്ടെന്നായിരുന്നു മുട്ടില്‍ മരംമുറി കേസില്‍ ആരോപണ വിധേയനായ ശേഷമാണ് ഫോട്ടോ എടുത്തതെന്ന് മാധ്യമ പ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടിയപ്പോള്‍ മുഖ്യമന്ത്രിയുടെ മറുപടി.