തിരുവനന്തപുരം: കൊടകര കുഴൽപ്പണ കേസുമായി ബന്ധപ്പെട്ട അടിയന്തര പ്രമേയ നോട്ടീസിനുള്ള മറുപടിക്കിടെ ക്ഷുഭിതനായി മുഖ്യമന്ത്രി. ഡൽഹിയിൽ നടന്ന പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്‌ചയിൽ ഷാള്‍ അണിയിച്ചതിനെ പ്രതിപക്ഷം പരിഹസിച്ചതിന് മറുപടി പറയുന്നതിനിടെയാണ് പിണറായി വിജയന്‍ ശബ്‌ദം ഉയർത്തി പ്രതിപക്ഷത്തിന് നേരെ തിരിഞ്ഞത്.
'ഷാളണിയിച്ചതിൽ എന്താണ് തെറ്റ്'
ബിജെപി നേതാക്കള്‍ ഉൾപ്പെട്ട കൊടകര കേസിൽ പരാതിയുമായി ഏതെങ്കിലും കോൺഗ്രസുകാർ പോയിട്ടുണ്ടോയെന്ന് പിണറായി ചോദിച്ചു. പ്രധാനമന്ത്രിക്ക് ഷാളണിയിച്ചതിൽ എന്താണ് തെറ്റ്.
രാഷ്‌ട്രീയമായി തർക്കങ്ങൾ ഉണ്ടെങ്കിലും പറയാനുള്ളത് മുഖത്തുനോക്കി തന്നെ പറയും. കൂടിക്കാഴ്‌ചയിൽ നാടിന്‍റെ വികസനത്തിന് ഒന്നിച്ച് നിൽക്കാം എന്ന് തന്നെയാണ് സംസാരിച്ചതെന്ന് മുഖ്യമന്ത്രി പറഞ്ഞു.
സഭയിൽ ക്ഷുഭിതനായി പിണറായി, പ്രതിരോധിച്ച് സതീശൻ മുഖ്യമന്ത്രിയുടെ ഈ മറുപടിയെ തുടർന്ന് പ്രതിപക്ഷം ബഹളമുയർത്തി. ഈ ശബ്‌ദം കേട്ടിട്ട് ബേജാറാകേണ്ട കാര്യമില്ലെന്ന് മുഖ്യമന്ത്രി തിരിച്ചടിച്ചു.
വസ്‌തുതകൾ മനസിലാക്കാനുള്ള മനസ്ഥിതി പ്രതിപക്ഷത്തിന് നഷ്‌ടമായെന്നും നാടിൻറെ നല്ല ഭാവിക്ക് നവ കേരളം സൃഷ്ടിക്കാൻ എല്ലാവരും ഒന്നിച്ചു നിൽക്കുകയാണ് വേണ്ടതെന്നും മുഖ്യമന്ത്രി പറഞ്ഞു.
'പോക്കറ്റടിക്കാരന്‍റെ തന്ത്രമെന്ന് സതീശന്‍'
അതേസമയം, പശുവിനെ കുറിച്ച് പറഞ്ഞാൽ പശുവിനെ തെങ്ങിനോട് ചേർത്തുകെട്ടി സംസാരിക്കുന്ന നിലപാടാണ് മുഖ്യമന്ത്രിക്കെന്ന് പ്രതിപക്ഷനേതാവ് വി.ഡി സതീശൻ പരിഹസിച്ചു.
സങ്കി പട്ടം ചാർത്താന്‍ നോക്കേണ്ട. ഒന്നല്ല ആയിരം പിണറായിമാർ ഒന്നിച്ചു വന്നാലും അതിന് കഴിയില്ല. ഉത്സവ പറമ്പിലെ പോക്കറ്റടിക്കാരന്‍റെ തന്ത്രമാണ് മുഖ്യമന്ത്രി സഭയിൽ പയറ്റുന്നത്.
എല്ലാത്തിനും കൂട്ട് നിന്നിട്ട് സിബിഐയെ കുറിച്ച് പ്രതിപക്ഷം പറയാൻ പാടില്ലെന്നാണ് വാദം. ബിജെപി നേതാക്കളെ രക്ഷപ്പെടുത്താൻ ശ്രമിച്ച് തങ്ങൾക്കെതിരായ കേസുകൾ ഒതുക്കി തീർക്കാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നതെന്നും സതീശൻ നിയമസഭയിൽ പറഞ്ഞു.
Also read: കൊടകര കുഴൽപ്പണക്കേസ്; അടിയന്തര പ്രമേയത്തിന് നോട്ടീസ്