തിരുവനന്തപുരം: പ്രശസ്‌ത സാഹിത്യകാരനും തിരക്കഥാകൃത്തും അഭിനേതാവുമായ മാടമ്പ് കുഞ്ഞുകുട്ടന്‍റെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തി മുഖ്യമന്ത്രി പിണറായി വിജയന്‍. അദ്ദേഹത്തിന്‍റെ നിര്യാണം സാഹിത്യ-സാംസ്കാരിക രംഗത്തിന് വലിയ നഷ്ടമാണ്. ശ്രദ്ധേയനായ കഥാകൃത്തും തിരക്കഥാകൃത്തുമായിരുന്നു മാടമ്പ് കുഞ്ഞുക്കുട്ടന്‍. ബഹുമുഖ വ്യക്തിത്വത്തിനുടമയായിരുന്നു അദ്ദേഹമെന്നും പിണറായി അനുസ്മരിച്ചു.
Read more: തിരക്കഥാകൃത്തും അഭിനേതാവുമായ മാടമ്പ് കുഞ്ഞുകുട്ടൻ വിടവാങ്ങി
ചൊവ്വാഴ്ച രാവിലെയാണ് മാടമ്പ് കുഞ്ഞുകുട്ടന്‍ നിര്യാതനായത്. 81 വയസായിരുന്നു. കൊവിഡ് ബാധിച്ചതിനെ തുടര്‍ന്ന് തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ദീർഘ നാളായി അർബുദ ബാധിതനുമായിരുന്നു. അശ്വത്ഥാമാവ്, മഹാപ്രസ്ഥാനം, അവിഘ്നമസ്‌തു, ഭ്രഷ്ട്, എന്തരോ മഹാനുഭാവുലു, നിഷാദം, പാതാളം, ആര്യാവർത്തം, അമൃതസ്യ പുത്രഃ എന്നിവയാണ് പ്രധാന കൃതികൾ. മകൾക്ക്, ഗൗരീശങ്കരം, സഫലം, കരുണം, ദേശാടനം തുടങ്ങിയ ചിത്രങ്ങള്‍ക്ക് തിരക്കഥയെഴുതി. ജയരാജ് സംവിധാനം ചെയ്ത കരുണം എന്ന ചിത്രത്തിന്‍റെ തിരക്കഥക്ക് 2000 ൽ മികച്ച തിരക്കഥാകൃത്തിനുള്ള ദേശീയ ചലച്ചിത്രപുരസ്കാരം നേടിയിട്ടുണ്ട്.
മാടമ്പ് കുഞ്ഞികുട്ടന്‍റെ നിര്യാണത്തില്‍ അഭിനേതാക്കളായ ടൊവിനോ തോമസ്, ഉണ്ണി മുകുന്ദൻ, സാധിക വേണുഗോപാൽ, ഹരീഷ് പേരടി, ഗൗരി നന്ദ എന്നിവരുള്‍പ്പെടെ കലാ രംഗത്തെ നിരവധി പ്രമുഖര്‍ അനുശോചനം രേഖപ്പെടുത്തി.