തിരുവനന്തപുരം:പി.എസ്.സി റാങ്ക് ലിസ്റ്റുകള്‍ തയ്യാറാക്കുന്നതില്‍ പരിഷ്‌കരണം ആലോചനയിലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ. ജസ്റ്റിസ് ദിനേശന്‍ കമ്മിഷന്‍റെ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിലാകും ലിസ്റ്റ് തയാറാക്കുന്നത് പരിഷ്‌കരിക്കുക. നിലവിലുള്ള വ്യവസ്ഥ പ്രകാരം പ്രതീക്ഷിത ഒഴിവുകളേക്കാള്‍ മൂന്ന് മുതല്‍ അഞ്ച് ഇരട്ടി വരെ ഉദ്യോഗാര്‍ഥികളെ ഉള്‍പ്പെടുത്തിയാണ് പി.എസ്.സി റാങ്ക് ലിസ്റ്റുകള്‍ തയ്യാറാക്കുന്നത്. ഈ രീതിക്കാണ് മാറ്റം വരിക.
'ഒഴിവിന് ആനുപാതികമായി റാങ്ക് ലിസ്റ്റ്'
ഒഴിവിന് ആനുപാതികമായി സംവരണ തത്വങ്ങള്‍ പാലിച്ച് റാങ്ക് ലിസ്റ്റ് തയ്യാറാക്കുന്ന രീതിയിലേക്ക് മാറുന്നതാണ് സര്‍ക്കാര്‍ പരിഗണിക്കുന്നത്. ഇക്കാര്യത്തില്‍ ശുപാര്‍ശ സമര്‍പ്പിക്കാനായി ജസ്റ്റിസ് ദിനേശന്‍ കമ്മിഷനെ സര്‍ക്കാര്‍ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും ഈ കമ്മിഷന്‍റെ അടിസ്ഥാനത്തിലാകും സര്‍ക്കാര്‍ തുടര്‍ നടപടി സ്വീകരിക്കുകയെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ഇതുകൂടാതെ വിരമിക്കല്‍ വിവരങ്ങള്‍ പ്രസിദ്ധീകരിക്കുന്നതും സര്‍ക്കാരിന്‍റെ പരിഗണനയിലുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു.
സബ്‌മിഷന് മറുപടി നൽകി മുഖ്യമന്ത്രി
പി.എസ്.സി നിയമനം സംബന്ധിച്ച് വിവരങ്ങളുടെ ലഭ്യത ഉറപ്പുവരുത്തുന്നതിനായി വകുപ്പുകളിലും സ്ഥാപനങ്ങളിലും ഉള്ള തസ്‌തികകള്‍, അതില്‍ ഇപ്പോള്‍ ജോലി ചെയ്യുന്നവര്‍, അവരുടെ വിരമിക്കല്‍ തീയതി, ദീര്‍ഘകാല അവധി, നിയമനം നടത്തുന്നതിന് അനുവദനീയമായ തസ്‌തികകള്‍ തുടങ്ങിയ വിവരങ്ങള്‍ ബന്ധപ്പെട്ട വകുപ്പുകളുടെ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കുന്ന വിഷയം പരിശോധിക്കാമെന്നാണ് എച്ച്. സലാം എല്‍എല്‍എയുടെ സബ്‌മിഷന് മറുപടിയായി മുഖ്യമന്ത്രിയുടെ വ്യക്തമാക്കിയത്.
നിയമനാധികാരികള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന ഒഴിവുകളിലേയ്ക്ക് സംവരണ തത്വങ്ങള്‍ പാലിച്ചാണ് റാങ്ക് ലിസ്റ്റുകളില്‍ നിന്നും പി.എസ്.സി നിയമനം നല്‍കുന്നത്. അതുകാണ്ട് തന്നെ റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെടുന്നവര്‍ക്കെല്ലാം നിയമനം ലഭ്യമാവില്ല. റാങ്ക് ലിസ്റ്റില്‍ പ്രതീക്ഷിത ഒഴിവുകളേക്കാള്‍ വളരെയധികം ഉദ്യോഗാര്‍ഥികളെ ഉള്‍പ്പെടുത്തുന്നത് ചില ചൂഷണങ്ങള്‍ക്കും അനഭിലഷണീയമായ പ്രവണതകള്‍ക്കും വഴിവെക്കുന്നതായി ശ്രദ്ധയില്‍പെട്ടിട്ടുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
READ MORE:അകത്തും പുറത്തും സംഭവ ബഹുലമായ 17 ദിനങ്ങൾ, നിയമസഭ സമ്മേളനം പൂർത്തിയായി