തിരുവനന്തപുരം: സംസ്ഥാനത്തെ കുടുംബ കോടതികളുടെ കാര്യക്ഷമത വർധിപ്പിയ്ക്കുന്നതിനായി തിരുവനന്തപുരം കുടുംബ കോടതിയിൽ ആരംഭിച്ച കേസ് ഫ്ലോ മാനേജ്‌മെൻ്റ് സംവിധാനം അവതാളത്തിൽ. 2021 സെപ്റ്റംബറില്‍ ആരംഭിച്ച സംവിധാനം രണ്ടു മാസം പിന്നിടുമ്പോള്‍ കുടുംബ കോടതിയിലും കേസ് ഫ്ലോ മാനേജ്‌മെൻ്റിന്‍റെ കെട്ടിടത്തിലും കക്ഷികളുടെ തിരക്ക് ഒരു പോലെ ഇരട്ടിയായി.
കേസ് ഫ്ലോ മാനേജ്‌മെൻ്റിലെ കേസുകൾ കൈകാര്യം ചെയ്യുന്നത് കോടതി നടപടികളുമായി പരിചയമില്ലാത്ത ഉദ്യോഗസ്ഥരാണെന്നും ഇതാണ് സംവിധാനം അവതാളത്തിലാകാന്‍ കാരണമെന്നുമാണ് ആക്ഷേപം. നിലവിൽ കുടുംബ കോടതിയിൽ മറ്റ് സെക്ഷനുകൾ കൈകാര്യം ചെയ്യുന്ന ഉദ്യോഗസ്ഥർക്കാണ് സിഎംഒ യോഗ്യതയിലുള്ള ഉദ്യോഗസ്ഥര്‍ കൈകാര്യം ചെയ്യണ്ട ജോലികൾ നൽകിയിരിക്കുന്നത്. ഇതേ തുടര്‍ന്നാണ് വേഗത്തിൽ നടക്കേണ്ട നടപടികൾ ഇഴഞ്ഞ് നീങ്ങുന്നതെന്നാണ് അഭിഭാഷകരുടെ പരാതി.
കേസ് ഫ്ലോ മാനേജ്‌മെൻ്റ് സംവിധാനം
സംസ്ഥാനത്ത് പ്രവർത്തിയ്ക്കുന്ന 28 കുടുംബകോടതികളുടെ കാര്യക്ഷമത വർധിപ്പിയ്ക്കുന്നതിനായി കേരള ഹൈക്കോടതിയുടെ ഉത്തരവ് പ്രകാരം നടപ്പാക്കുന്ന സംവിധാനമാണ് കേസ് ഫ്ലോ മാനേജ്‌മെൻ്റ്. ഭാര്യാഭർത്താക്കൻമാർ തമ്മിൽ സംയുക്‌തമായി കേസ് തീർപ്പാക്കുവാൻ തീരുമാനിച്ച കേസിൽ പോലും കോടതിയുടെ കാലതാമസം വന്നതിനെതിരെ സമർപ്പിച്ച ഹർജിയിലാണ് ഹൈക്കോടതി കേസ് ഫ്ലോ മാനേജ്‌മെൻ്റ് സംവിധാനം നടപ്പാക്കാൻ കേരളത്തിലെ മുഴുവൻ കുടുംബ കോടതികൾക്കും ഉത്തരവ് നൽകിയത്.