തിരുവനന്തപുരം : കൊവിഡ് പ്രോട്ടോക്കോൾ ലംഘിച്ചതിന് തിരുവനന്തപുരം നഗരസഭയിലെ ബിജെപി കൗൺസിലർമാർക്കെതിരെ മ്യൂസിയം പൊലീസ് കേസെടുത്തു. വി.വി രാജേഷ് ഉൾപ്പെടെ 30ഓളം പേർക്കെതിരെയാണ് കേസ്. കൊവിഡ് നിയന്ത്രണങ്ങൾ പാലിച്ച് കൗൺസിൽ യോഗം ചേരുന്നതിന് മേയർ സർവകക്ഷിയോഗം വിളിച്ചിരുന്നു. 20 പേർ നേരിട്ടും മറ്റുള്ളവർ ഓൺലൈനിലും കൗൺസിൽ യോഗത്തിൽ പങ്കെടുക്കാനായിരുന്നു ധാരണ.
also read:കൊവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ച 508 പേര്‍ക്കെതിരെ നടപടി
എൽഡിഎഫിന്‍റെ ആറും ബിജെപിയുടെ അഞ്ചും യുഡിഎഫിന്‍റെ മൂന്നും അംഗങ്ങളും സ്ഥിരം സമിതി അധ്യക്ഷന്മാരും മാത്രം നേരിട്ട് പങ്കെടുക്കാനായിരുന്നു തീരുമാനം. അതേസമയം ബിജെപി കൗൺസിലർമാർ ധാരണ ലംഘിച്ച് പ്ലക്കാർഡുകളുമായി കൗൺസിൽ ഹാളിലും പുറത്തുമായി കൂട്ടംകൂടി. ഇതേതുടർന്നാണ് പൊലീസ് കേസെടുത്തത്. കൗൺസിൽ ഹാളിൽ കൂട്ടംകൂടിയവരോട് മാറിയിരിക്കാൻ പലതവണ ആവശ്യപ്പെട്ടിട്ടും അംഗീകരിച്ചില്ലെന്ന് മേയർ അറിയിച്ചു.
തുടർച്ചയായി ആവശ്യപ്പെട്ടിട്ടും കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കാൻ പ്രതിപക്ഷ അംഗങ്ങൾ തയ്യാറാകാത്ത സാഹചര്യത്തിൽ ചില അജണ്ടകൾ അടുത്ത കൗൺസിലിലേക്ക് മാറ്റിവച്ചതായും മറ്റുള്ളവ അംഗീകരിച്ചതായും അറിയിച്ച് മേയർ സഭ പിരിച്ചുവിട്ടു.