തിരുവനന്തപുരം: മൂന്നാറിലെ അനധികൃത കയ്യേറ്റങ്ങള്‍ കണ്ടെത്തി ഒഴിപ്പിക്കാന്‍ 2006ല്‍ വി.എസ് അച്യുതാനന്ദന്‍ സര്‍ക്കാര്‍ നിയോഗിച്ച പ്രത്യേക ദൗത്യ സംഘമാണ് ദേവികുളം വില്ലേജിലെ രവീന്ദ്രന്‍ പട്ടയങ്ങളുടെ കഥ പുറം ലോകത്തെത്തിച്ചത്. 1999ലെ നായനാര്‍ സര്‍ക്കാരില്‍ റവന്യൂ മന്ത്രിയായിരുന്ന കെ.ഇ ഇസ്മായിലാണ് ദേവികുളം ഡെപ്യൂട്ടി തഹസീല്‍ദാറായിരുന്ന എം.ഐ രവീന്ദ്രനെ ലാന്‍ഡ് അസൈന്‍മെന്‍റ് (ഭൂപതിവ്) സ്‌പെഷ്യല്‍ തഹസീല്‍ദാറായി നിയമിച്ചത്. ഇദ്ദേഹം രണ്ടു തവണയായി അനുവദിച്ച 535 അനധികൃത പട്ടയങ്ങളാണ് രവീന്ദ്രന്‍ പട്ടയങ്ങള്‍ എന്നറിയപ്പെടുന്നത്.
മൂന്നാര്‍ ദൗത്യ സംഘ തലവനായിരുന്നു മുന്‍ ഐഎഎസ് ഉദ്യോഗസ്ഥന്‍ കെ സുരേഷ് കുമാറാണ് ഈ അനധികൃത പട്ടയങ്ങളുടെ വിവരം പുറം ലോകത്തെ ആദ്യമായി അറിയിക്കുന്നത്. രവീന്ദ്രന്‍ ആദ്യമായി മൂന്നാര്‍ ടൗണില്‍ പട്ടയം അനുവദിച്ചത് മുന്‍ മുഖ്യമന്ത്രിയും സിപിഐ നേതാവുമായിരുന്ന പി.കെ വാസുദേവന്‍ നായര്‍ക്കും ഭാര്യയ്ക്കുമായിരുന്നു. രണ്ടാമതായി മുന്‍ വൈദ്യുതി മന്ത്രിയും സിപിഎം ഇടുക്കി മുന്‍ ജില്ല സെക്രട്ടറിയുമായ എം.എം മണിക്കായിരുന്നു.
പി.കെ വാസുദേവന്‍ നായര്‍ക്കും ഭാര്യയ്ക്കും കുടില്‍ കെട്ടി താമസിക്കാനെന്ന പേരില്‍ അനുവദിച്ചത് 5 സെന്‍റ് ഭൂമിയാണെങ്കിലും ഇപ്പോള്‍ 16 സെന്‍റ് കൈവശമുണ്ട്. ഇവിടെ ഇന്ന് 5 നിലകളുള്ള മൂന്നാര്‍ ടൂറിസ്റ്റ് ഹോം എന്ന റിസോര്‍ട്ടാണ് പ്രവര്‍ത്തിക്കുന്നത്. ഇത് പട്ടയ വ്യവസ്ഥയുടെ നഗ്നമായ ലംഘനമായി ചൂണ്ടിക്കാണിക്കപ്പെടുന്നു. സിപിഐയുടെ ഒരു ഓഫിസ് പേരിന് ഇവിടെ പ്രവര്‍ത്തിക്കുന്നു.
എം.എം മണിക്ക് 25 സെന്‍റാണ് രവീന്ദ്രന്‍ പട്ടയം നല്‍കിയിരിക്കുന്നത്. കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പില്‍ എം.എം മണി മത്സരിക്കാന്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ തനിക്ക് മൂന്നാര്‍ ടൗണില്‍ 25 സെന്‍റ് ഭൂമിയുണ്ടെന്ന് വ്യക്തമാക്കിയിട്ടുണ്ട്. ഇവിടെ 6 നിലകളിലായി ഹോട്ടല്‍ എസ്.എന്‍ അനക്‌സ് എന്ന റിസോര്‍ട്ടാണ് പ്രവര്‍ത്തിക്കുന്നത്. ഇത് സിപിഎം ഓഫിസാണെന്ന് എം.എം മണി അവകാശപ്പെടുന്നുണ്ടെങ്കിലും റിസോര്‍ട്ടിന്‍റെ ഏറ്റവും താഴത്തെ നിലയില്‍ പേരിനു മാത്രം സിപിഎം ഓഫിസും കൊടിയും.
ഇവിടെ ആദ്യകാലത്ത് ഇത്തരത്തില്‍ പട്ടയം നേടിയവരില്‍ കോണ്‍ഗ്രസ് നേതാക്കളുമുണ്ട്. ഈ രാഷ്ട്രീയ പാര്‍ട്ടികളുടെ കൈവശമുള്ള രവീന്ദ്രന്‍ പട്ടയ ഭൂമിയുടെ മറവിലാണ് മറ്റ് പട്ടയങ്ങളെല്ലാം സുരക്ഷിതമായിരിക്കുന്നത്.
രവീന്ദ്രന്‍ പട്ടയം വന്ന വഴി
1999ല്‍ നായനാര്‍ സര്‍ക്കാരില്‍ റവന്യൂ മന്ത്രിയായിരുന്ന കെ.ഇ ഇസ്മായിലാണ് ദേവികുളം ഡെപ്യൂട്ടി തഹസീല്‍ദാറായിരുന്ന എം.ഐ രവീന്ദ്രനെ ഭൂപതിവ് സ്‌പെഷ്യല്‍ തഹസീല്‍ദാറായി നിയമിക്കുന്നത്. ഒരു താലൂക്കില്‍ ഭൂമി പതിച്ചു നല്‍കുന്നതിന് അധികാരമുള്ളത് അതാത് താലൂക്കുകളിലെ തഹസീല്‍ദാര്‍മാര്‍ക്കാണ്.
എല്ലാ താലൂക്കുകളിലും ഒരു സ്‌പെഷ്യല്‍ തഹസീല്‍ദാറെ ഭൂപതിവ് സെപ്യഷ്യല്‍ തഹസീല്‍ദാറായി സര്‍ക്കാര്‍ നിയോഗിക്കാറുണ്ട്. എന്നാല്‍ പല തഹസീല്‍ദാര്‍മാരും ഈ തസ്തികയില്‍ ഉണ്ടാകാറില്ല.
1999ല്‍ ഈ തസ്തികയില്‍ ആളില്ലാത്ത അവസരം ഉപയോഗിച്ചാണ് അന്നത്തെ എല്‍ഡിഎഫ് സര്‍ക്കാര്‍ രവീന്ദ്രന്‍ എന്ന ഡെപ്യൂട്ടി തഹസീല്‍ദാറെ ഭൂപതിവ് സ്‌പെഷ്യല്‍ തഹസീല്‍ദാറാക്കിയത്. എന്നാല്‍ ഭൂപതിവ് സ്‌പെഷ്യല്‍ തഹസീല്‍ദാറുടെ അധിക ചുതമലയിലെത്തുന്ന ഡെപ്യൂട്ടി തഹസീല്‍ദാര്‍ ഇത്തരത്തില്‍ ഭൂമി പതിച്ചു നല്‍കുന്ന ആദ്യ സംഭവമാണിത്.