തിരുവനന്തപുരം:സംസ്ഥാന മന്ത്രിസഭ യോഗം ഇന്ന് (01-09-2021) ചേരും. കൊവിഡ് സാഹചര്യവും പ്രതിരോധ പ്രവർത്തനങ്ങളും മന്ത്രിസഭ യോഗം വിലയിരുത്തും. സർക്കാർ പ്രഖ്യാപിച്ചിട്ടുള്ള നൂറുദിന കർമ്മ പദ്ധതിയുടെ പുരോഗതി മന്ത്രിസഭ യോഗം പരിശോധിക്കും. പ്രഖ്യാപിച്ചിട്ടുള്ള പദ്ധതികൾ നടപ്പിലാക്കുന്നതിനുള്ള നടപടികൾ വേഗത്തിലാക്കണമെന്ന് മുഖ്യമന്ത്രി നേരത്തെ നിർദേശിച്ചിരുന്നു.
പദ്ധതികൾ വേഗത്തിൽ പൂർത്തിയാക്കി പ്രോഗ്രസ് കാർഡ് പുറത്തിറക്കാനുള്ള തയ്യാറെടുപ്പിലാണ് സംസ്ഥാന സർക്കാർ. അതുകൊണ്ടു തന്നെ വിവിധ വകുപ്പുകളിലെ പ്രവർത്തനങ്ങൾ സംബന്ധിച്ചുള്ള അവലോകനം മന്ത്രിസഭ യോഗത്തിൽ ഉണ്ടാകും. ഓണക്കിറ്റ് വിതരണത്തിലെ പുരോഗതിയും യോഗം പരിശോധിക്കും.