തിരുവനന്തപുരം:കൊവിഡ് 19 വ്യാപനം തടയാനുള്ള ലോക്‌ഡൗണിൽ കേന്ദ്ര നിർദ്ദേശം പാലിക്കാൻ മന്ത്രിസഭാ തീരുമാനം.ഹോട്ട്‌സ്പോട്ടുകൾക്ക് പകരം ജില്ലകളെ സോണുകളായി തിരിക്കും. ലോക്‌ഡൗൺ നീട്ടി പുതിയ മാർഗനിർദ്ദേശങ്ങൾ കേന്ദ്രം പുറത്തിറക്കിയ സാഹചര്യത്തിലാണ് പ്രത്യേക മന്ത്രിസഭായോഗം ഇക്കാര്യങ്ങൾ ചർച്ച ചെയ്തത്. കേന്ദ്ര നിർദ്ദേശം കർശനമായി പാലിക്കാൻ ഇന്നത്തെ മന്ത്രിസഭാ യോഗം തീരുമാനിച്ചു. സംസ്ഥാന സർക്കാർ പ്രത്യേകമായി ഇളവുകൾ അനുവദിക്കില്ല. ഏപ്രിൽ 20 വരെയും കർശനമായ നിയന്ത്രണങ്ങൾ തുടരാൻ തന്നെയാണ് സംസ്ഥാനത്തിന്‍റെ തീരുമാനം. മാർച്ച് 20ന് ശേഷം ചില മേഖലകളിൽ ഇളവ് അനുവദിക്കും.പരമ്പരാഗത മേഖലകളിലാണ് ഇളവുകൾ കൂടുതൽ.
ഹോട്ട്‌സ്പോട്ടുകള്‍ക്ക് പകരം ജില്ലകളെ സോണുകളാക്കും; ഏപ്രിൽ 20 വരെ കർശന നിയന്ത്രണം
കേന്ദ്രസർക്കാർ പുറത്തിറക്കിയ മാനദണ്ഡത്തിൽ ഏഴ് ജില്ലകളാണ് ഹോട്ട്‌സ്പോട്ടുകളായി ഉണ്ടായിരുന്നത്. ഏപ്രിൽ 20 വരെ സംസ്ഥാനത്ത് കർശനമായ നിയന്ത്രണങ്ങൾ തുടരും.
കയർ-കശുവണ്ടി - ബീഡി തൊഴിലാളി മേഖലകളിലും കൈത്തറി മേഖലയിലും ഇളവുകൾ പ്രാബല്യത്തിൽ വരും. കാർഷിക മേഖലയ്ക്ക് കേന്ദ്രസർക്കാർ ഏർപ്പെടുത്തിയ ഇളവ് സംസ്ഥാനത്ത് നടപ്പിലാക്കും. ഇതുകൂടാതെ കൊവിഡ് ബാധിത ഹോട്ട്‌സ്പോട്ടുകളിൽ മാറ്റം വരുത്താനുള്ള സുപ്രധാന തീരുമാനവും ഇന്നത്തെ മന്ത്രിസഭായോഗം എടുത്തു. ഹോട്ട്‌സ്പോട്ടുകള്‍ക്ക് പകരം കേരളത്തെ നാല് സോണുകൾ ആക്കും. റെഡ് സോണിൽ നാല് ജില്ലകളാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. കാസർകോട്, കണ്ണൂർ, മലപ്പുറം, കോഴിക്കോട് ജില്ലകളാണിത്. മറ്റു ജില്ലകളെ ഗ്രീൻ, യെല്ലൊ സോണുകളിൽ ഉൾപ്പെടുത്തും. ഇതുസംബന്ധിച്ച മാർഗനിർദ്ദേശങ്ങൾ ഉടൻ പുറത്തിറക്കും. സംസ്ഥാനം ഏകപക്ഷീയമായി ഇക്കാര്യത്തിൽ തീരുമാനം എടുക്കാതെ കേന്ദ്രസർക്കാരിനെ കൂടെ അറിയിക്കാനാണ് മന്ത്രിസഭ തീരുമാനിച്ചിരിക്കുന്നത്.
കേന്ദ്രസർക്കാർ പുറത്തിറക്കിയ മാനദണ്ഡത്തിൽ ഏഴ് ജില്ലകളാണ് ഹോട്‌സ്‌പോട്ടുകളായി ഉണ്ടായിരുന്നത്. കോഴിക്കോട് ജില്ലയെ ഗ്രീൻ സോണിലായിരുന്നു കേന്ദ്ര സർക്കാർ ഉൾപ്പെടുത്തിയത്. ഇതിൽ മാറ്റം വരുത്തിയാണ് സംസ്ഥാന സർക്കാർ തീരുമാനം. പ്രത്യേക മന്ത്രിസഭായോഗം സാലറി ചലഞ്ച് വിഷയം ചർച്ച ചെയ്തില്ല. സാലറി ചലഞ്ച് എങ്ങനെ നടപ്പിലാക്കണമെന്ന് സംബന്ധിച്ച അവ്യക്തത തുടരുന്നതിനാലാണ് ഇക്കാര്യം ഇന്നത്തെ മന്ത്രിസഭാ യോഗം പരിഗണിക്കാതിരുന്നത്.