തിരുവനന്തപുരം: ദേശീയ പാതയിലെ സുരക്ഷക്കായി ഒരുക്കിയ ബൈപാസ് ബീക്കൺ ഡിജിപി ലോകനാഥ് ബെഹ്റ ഫ്ലാഗ് ഓഫ് ചെയ്‌തു. ദേശീയ പാതയിൽ കഴക്കൂട്ടം മുതൽ തിരുവല്ലം വരെ 24 മണിക്കൂർ പട്രോളിങ്ങിനായി നാല് ബൈപാസ് ബീക്കണുകളാണ് നിലവിലുണ്ടായിരുന്നത്. ടെക്നോപാർക്ക് ഉൾപ്പടെയുള്ള പ്രദേശത്ത് പൊലീസിന്‍റെ പട്രോളിങ് കാര്യക്ഷമമല്ലെന്ന പരാതിയിലാണ് നാല് പുതിയ ബൈപാസ് ബീക്കണുകൾ കൂടി അനുവദിച്ചത്.
ദേശീയ പാതയിലെ സുരക്ഷക്കായി ബൈപാസ് ബീക്കൺ - ഡിജിപി ലോകനാഥ് ബെഹ്റ
ടെക്നോപാർക്ക് ഉൾപ്പടെയുള്ള പ്രദേശത്ത് പൊലീസിന്‍റെ പട്രോളിങ് കാര്യക്ഷമമല്ലെന്ന പരാതിയിലാണ് നാല് പുതിയ ബൈപാസ് ബീക്കണുകൾ കൂടി അനുവദിച്ചത്
ഇവ 24 മണിക്കൂറും പട്രോളിങ് നടത്തുമെന്നും സ്ത്രീ സുരക്ഷക്ക് പ്രാധാന്യം നൽകുന്നതിനായി ഓരോ വാഹനത്തിലും വനിതാ പൊലീസ് ഉണ്ടാകുമെന്നും ഡിജിപി അറിയിച്ചു. സംസ്ഥാനത്ത് ആദ്യമായാണ് പട്രോളിങ് വാഹനത്തിൽ പുരുഷ പൊലീസുകാർക്കൊപ്പം വനിതാ പൊലീസിനെയും വിന്യസിക്കുന്നത്. ജിപിഎസ് സംവിധാനമുൾപ്പെടെയുള്ള ആധുനിക സൗകര്യങ്ങളുള്ള വാഹനങ്ങളാണിത്. ഓരോ വാഹനത്തിലും വനിതാ പൊലീസ് ഉൾപ്പെടെ അഞ്ച് പേരുണ്ടാകും. അപകടങ്ങളോ അത്യാവശ്യങ്ങളോ നേരിടുമ്പോൾ ജനങ്ങൾക്ക് 112 എന്ന നമ്പറിലേക്ക് വിളിച്ചാൽ ബൈപാസ് ബീക്കണിന്‍റെ സേവനം ലഭ്യമാകും.