തിരുവനന്തപുരം:ജീവനക്കാർക്ക് വിശ്രമമുറിയില്ലാത്ത മുഴുവന്‍ കെഎസ്ആർടിസി ഡിപ്പോകളിലും താമസ സൗകര്യം ഒരുങ്ങുന്നു. കാലാവധി കഴിഞ്ഞ ബസുകള്‍ രൂപ മാറ്റം വരുത്തി ജീവനക്കാർക്ക് വിശ്രമത്തിനുള്ള സൗകര്യമാക്കി മാറ്റും. പ്രധാന ഡിപ്പോകളിലടക്കം വിശ്രമുറികളില്ലാത്തതിനാല്‍ ഈ കൊവിഡ് കാലത്ത് ജീവനക്കാർ ദുരിതമനുഭവിക്കുന്നുണ്ട്. എറണാകുളം ഡിപ്പോയിലെ വിശ്രമമുറിയുടെ ശോചനീയാവസ്ഥയെ കുറിച്ച് മനുഷ്യാവകാശ കമ്മിഷൻ കെഎസ്ആർടിസി എം.ഡിയോട് റിപ്പോർട്ട് തേടിയതിന് പിന്നാലെയാണ് ജീവനക്കാർക്കായി വിശ്രമ സൗകര്യമൊരുക്കാന്‍ അധികൃതര്‍ തീരുമാനിക്കുന്നത്.
കട്ടപ്പുറത്തെ കെഎസ്ആർടിസി ബസുകളെ ജീവനക്കാരുടെ വിശ്രമമുറിയാക്കുന്നു - കെഎസ്ആർടിസി ഡിപ്പോകളിൽ ജീവനക്കാര്‍ക്ക് വിശ്രമമുറി
വലിയ മുതല്‍ മുടക്കില്‍ വിശ്രമമുറിക്കുള്ള നിർമാണ പ്രവർത്തനങ്ങൾ നടത്താന്‍ സാമ്പത്തിക സ്ഥിതിയില്ലാത്തതിനാലാണ് കാലാവധി കഴിഞ്ഞ ബസുകൾ രൂപമാറ്റം വരുത്തി വിശ്രമമുറിയാക്കുന്നത്
![കട്ടപ്പുറത്തെ കെഎസ്ആർടിസി ബസുകളെ ജീവനക്കാരുടെ വിശ്രമമുറിയാക്കുന്നു depots KSRTC depots Buses are being redesigned ബസുകള്‍ രൂപം മാറ്റം വരുത്തി കെഎസ്ആർടിസി കെഎസ്ആർടിസി ഡിപ്പോകളിൽ ജീവനക്കാര്‍ക്ക് വിശ്രമമുറി ജീവനക്കാർക്ക് വിശ്രമമുറി](https://etvbharatimages.akamaized.net/etvbharat/prod-images/768-512-8342924-1082-8342924-1596882076330.jpg)
വിശ്രമമുറികള്‍ പൂർണമായും എയർ കണ്ടീഷൻ ചെയ്തതായിരിക്കും. വിശ്രമമുറികളായി രൂപമാറ്റം വരുത്തുന്ന ബസുകളിൽ ബർത്തുകൾ, സാധനങ്ങൾ സൂക്ഷിക്കുന്നതിനുള്ള ലോക്കർ തുടങ്ങിയ സൗകര്യങ്ങൾ ഉണ്ടാകും. ഡിപ്പോകളിൽ അനുയോജ്യമായ സ്ഥലത്ത് വിശ്രമ ബസുകൾ സജ്ജീകരിക്കും. വലിയ മുതല്‍ മുടക്കില്‍ വിശ്രമമുറിക്കുള്ള നിർമാണ പ്രവർത്തനങ്ങൾ നടത്താന്‍ സാമ്പത്തിക സ്ഥിതിയില്ലാത്തതിനാലാണ് കാലാവധി കഴിഞ്ഞ ബസുകൾ രൂപമാറ്റം വരുത്തി വിശ്രമമുറിയാക്കുന്നത്. കാലാവധി കഴിഞ്ഞ ബസുകൾ വിറ്റാല്‍ വളരെ കുറഞ്ഞ തുകമാത്രമാണ് ലഭിക്കുന്നത്. അതിനാലാണ് ഇത്തരത്തില്‍ ഒരു തീരുമാനത്തിലേക്ക് അധികൃതര്‍ എത്തിയത്.
നിലവിലെ കെട്ടിടത്തിൽ അറ്റകുറ്റപണി നടത്തുന്നതിനേക്കാൾ കുറഞ്ഞ ചെലവിൽ ബസുകളില്‍ രൂപമാറ്റം വരുത്താനും സാധിക്കും. ആദ്യം കരിപ്പൂർ വിമാനത്താവളത്തിലെ കെഎസ്ആർടിസി ജീവനക്കാരുടെ വിശ്രമത്തിനായി ഈ പദ്ധതി പരീക്ഷണാടിസ്ഥാനത്തില്‍ നടപ്പിലാക്കും. അത് വിജയിച്ചാൽ യാത്രാക്കാർക്ക് കുറഞ്ഞ ചെലവിൽ താമസ സൗകര്യമൊരുക്കുന്ന കാര്യവും പരിഗണനയിലാണ്. ജീവനക്കാര്‍ക്കുള്ള അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്താൻ അടുത്ത ബജറ്റില്‍ നിന്ന് 13 കോടി രൂപയാണ് കെഎസ്ആർടിസി സർക്കാരിനോട് ആവശ്യപ്പെട്ടിരിക്കുന്നത്.