തിരുവനന്തപുരം: ബിടെക്ക് പരീക്ഷകൾ ഓഫ് ലൈനായി തന്നെ നടത്തുമെന്ന് സാങ്കേതിക സർവ്വകലാശാല. കൊവിഡ് പശ്ചാത്തലത്തിൽ ബിടെക്ക് പരീക്ഷകൾ ഓൺലൈനായി നടത്തണമെന്ന് ചൂണ്ടിക്കാട്ടി ഓൾ ഇന്ത്യ കൗൺസിൽ ഫോർ ടെക്‌നിക്കൽ എജ്യുക്കേഷൻ (എഐസിടിഇ) സാങ്കേതിക സർവ്വകലാശാലയ്ക്ക് കത്ത് നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് സർവ്വകലാശാല നിലപാട് വ്യക്തമാക്കി രംഗത്ത് വന്നത്. ജൂലൈ 14 മുതലാണ് പരീക്ഷകൾ ആരംഭിയ്ക്കുന്നത്.
കൊടിക്കുന്നിൽ സുരേഷ് എംപി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു എഐസിടിഇയുടെ ഇടപെടൽ. ഓഫ് ലൈൻ പരീക്ഷകൾ മാറ്റിവയ്ക്കുകയോ ഓൺലൈനായി നടത്തുകയോ ചെയ്യണമെന്ന നിർദേശമാണ് എഐസിടിഇ സാങ്കേതിക സർവ്വകലാശാലയ്ക്ക് നൽകിയത്. കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ ഓഫ് ലൈനായി പരീക്ഷ നടത്തുന്നത് വിദ്യാർഥികളോടുള്ള നീതികേടാണെന്നും കത്തിൽ എഐസിടിഇ ചൂണ്ടിക്കാട്ടിയിരുന്നു.