തിരുവനന്തപുരം: രാഷ്ട്രീയ കൊലപാതകങ്ങള്‍ സംബന്ധിച്ച് മുഖ്യമന്ത്രി നിയമസഭയെ തെറ്റിദ്ധരിപ്പിച്ചെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. സിപിഎമ്മുകാര്‍ പ്രതികളായ കൊലപാതകങ്ങള്‍ കേവലം വാക്കുതര്‍ക്കമായി സഭയില്‍ അവതരിപ്പിക്കുന്ന മുഖ്യമന്ത്രി ലോക്കല്‍ സെക്രട്ടറിയുടെ നിലവാരത്തിലേക്ക് അധപ്പതിച്ചിരിക്കുകയാണ്.
കിഴക്കമ്പലത്ത് ട്വന്‍റി 20 പ്രവര്‍ത്തകനെയും ഹരിപ്പാട് ആര്‍എസ്എസ് പ്രവര്‍ത്തകനെയും കൊല ചെയ്‌തത് സിപിഎമ്മുകാരാണെന്നത് മറച്ചുവച്ചു. കണ്ണൂരില്‍ വിവാഹാഘോഷ യാത്രയ്ക്കിടെ ബോംബെറിഞ്ഞ് യുവാവിനെ കൊന്നതും സിപിഎമ്മുകാരാണ്. എന്നാല്‍ പാര്‍ട്ടി പത്രം പ്രസിദ്ധീകരിച്ച കല്ലുവച്ച നുണ അതേപോലെ നിയമസഭയില്‍ അവതരിപ്പിക്കുകയായിരുന്നു മുഖ്യമന്ത്രി.
Also read: ഗവര്‍ണര്‍ക്ക് ബെന്‍സ് കാര്‍ വാങ്ങാന്‍ 85 ലക്ഷം രൂപ അനുവദിച്ചു
ആലപ്പുഴയില്‍ നാല് സിപിഎമ്മുകാരെ ആര്‍എസ്എസുകാര്‍ കൊലപ്പെടുത്തിയെന്നാണ് മുഖ്യമന്ത്രി പറയുന്നത്. ജില്ലയിലെ സിപിഎം പ്രവര്‍ത്തകര്‍ക്ക് പോലും ആ രക്തസാക്ഷികള്‍ ആരെന്ന് അറിയില്ല. തിരുവല്ലയിലെ സിപിഎം പ്രവര്‍ത്തകനായ സന്ദീപിനെ ആര്‍എസ്എസുകാര്‍ കൊല ചെയ്‌ത ലിസ്റ്റിലാണ് മുഖ്യമന്ത്രി ഉള്‍പ്പെടുത്തിയത്.
എന്നാല്‍ പ്രതികളെല്ലാം സിപിഎമ്മുകാരാണ്. ഇത്രയും വസ്‌തുതാവിരുദ്ധമായി ഒരു മുഖ്യമന്ത്രിയും ഇതുവരെ നിയമസഭയില്‍ സംസാരിച്ചിട്ടില്ലെന്നും സുരേന്ദ്രന്‍ ആരോപിച്ചു. ഈ നാല് മാസം കൊണ്ട് നാല് ആര്‍എസ്എസ് പ്രവര്‍ത്തകരാണ് കൊല്ലപ്പെട്ടത്. മൂന്ന് പേരെ വധിച്ചത് പോപ്പുലര്‍ ഫ്രണ്ടും ഒരാളെ വധിച്ചത് സിപിഎമ്മുമാണ്.
പിണറായി വിജയന്‍ അധികാരത്തിലേറിയത് മുതല്‍ 25 സംഘപരിവാര്‍ പ്രവര്‍ത്തകരാണ് കേരളത്തില്‍ കൊല്ലപ്പെട്ടത്. മതതീവ്രവാദികള്‍ക്ക് വെള്ളവും വളവും നല്‍കുന്ന സമീപനമാണ് സംസ്ഥാന സര്‍ക്കാരിനുള്ളത്. കേരളത്തിലെ തീവ്രവാദികളുടെ പല കേന്ദ്രങ്ങളിലും പൊലീസിന് പ്രവേശനം പോലുമില്ലെന്നും സുരേന്ദ്രന്‍ ആരോപിച്ചു.