തിരുവനന്തപുരം: അമ്പൂരി ഗ്രാമപഞ്ചായത്തില്‍ കൊട്ടിഘോഷിച്ച് നടപ്പിലാക്കിയ ബയോടെക് മാലിന്യ സംസ്കരണ, വൈദ്യുത ഉല്‍പാദന പ്ലാന്‍റ് കാടുകയറി നശിച്ചിട്ടും അനക്കമില്ലാതെ അധികൃതർ. 2007ല്‍ അധികാരത്തിലുണ്ടായിരുന്ന പഞ്ചായത്ത് ഭരണസമിതിയാണ് പഞ്ചായത്തിലെ മാലിന്യ പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതിന് വേണ്ടി പത്തുലക്ഷം രൂപ മുടക്കി പ്ലാന്‍റ് സ്ഥാപിച്ചത്. പിന്നീട് വന്ന ഭരണസമിതികള്‍ പദ്ധതി പരിപാലനത്തിൽ വരുത്തിയ വീഴ്ചയാണ് പ്ലാന്‍റ് കാടുകയറി നശിക്കാൻ കാരണമായതെന്ന് മുന്‍ പഞ്ചായത്ത് പ്രസിഡന്‍റ് ലാലി ജോണ്‍ ആരോപിക്കുന്നു.
കാടുമൂടി അമ്പൂരി ഗ്രാമപഞ്ചായത്തിലെ ബയോടെക് മാലിന്യ സംസ്കരണ പ്ലാന്‍റ് - Amburi Gram Panchayat
2007ല്‍ അധികാരത്തിലുണ്ടായിരുന്ന പഞ്ചായത്ത് ഭരണസമിതിയാണ് പഞ്ചായത്തിലെ മാലിന്യ പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതിന് വേണ്ടി പത്തുലക്ഷം രൂപ മുടക്കി പ്ലാന്‍റ് സ്ഥാപിച്ചത്
പഞ്ചായത്തിലെ മാലിന്യങ്ങൾ പ്ലാന്‍റില്‍ എത്തിച്ച് സംസ്കരിച്ച് അവയിൽ നിന്ന് വൈദ്യുതി ഉല്‍പാദിപ്പിക്കുക എന്നതായിരുന്നു പദ്ധതിയുടെ ഉദ്ദേശം. തിരുവനന്തപുരത്ത് പ്രവർത്തിക്കുന്ന ബയോടെക്കിനായിരുന്നു നിർമാണ ചുമതല. അമ്പൂരി ജങ്ഷനിൽ പൊതുവിപണന കേന്ദ്രത്തിന് സമീപത്താണ് ഇവ സ്ഥിതിചെയ്യുന്നത്. കൃഷിഭവൻ, മൃഗാശുപത്രി, എന്നിവക്ക് പ്രയോജനമാകുന്നതരത്തിൽ പദ്ധതിയുടെ ഭാഗമായി സ്ഥാപിച്ചിരുന്ന ഇരുപതോളം വൈദ്യുതലൈറ്റുകൾ നിലവിൽ അപ്രത്യക്ഷമായിട്ടുണ്ട്. പഞ്ചായത്തിൽ ഉടനീളം മാലിന്യങ്ങൾ കുമിഞ്ഞ് കൂടുമ്പോഴും ലക്ഷങ്ങൾ മുടക്കി നിർമിച്ച മാലിന്യ പ്ലാന്‍റിനോട് അധികൃതരുടെ അവഗണന തുടരുകയാണെന്നും ഉടനടി പഞ്ചായത്ത് ഇടപെട്ട് മാലിന്യ സംസ്കരണ പ്ലാന്‍റിന്‍റെ പ്രവർത്തനം കാര്യക്ഷമമാക്കണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം.