തിരുവനന്തപുരം: കെഎസ്‌ആര്‍ടിസി ബസ് സ്റ്റേഷനുകളില്‍ ചില്ലറ മദ്യവില്‍പ്പന കൗണ്ടര്‍ തുറക്കാന്‍ ബിവറേജസ് കോര്‍പ്പറേഷന്‍ തയ്യാറെടുക്കുന്നു. ഇതു സംബന്ധിച്ച് കെഎസ്ആര്‍ടിസി അധികൃതരും ബെവ്‌കോ അധികൃതരും തമ്മില്‍ ധാരണയിലെത്തി.
കെഎസ്ആര്‍ടിസി ബസ് സ്‌റ്റേഷനുകളിലെ നിരവധി മുറികള്‍ ഒഴിഞ്ഞു കിടക്കുന്നതും ഈ ഇനത്തില്‍ വാടകയും അഡ്വാന്‍സുമായി നല്ലൊരു തുക ടിക്കറ്റ് ഇതര ഇനത്തില്‍ ലഭിക്കുമെന്നുള്ളതുമാണ് കെഎസ്ആര്‍ടിസിയെ ഇതിന് പ്രേരിപ്പിക്കുന്നത്. ഇക്കാര്യം ഗതാഗത മന്ത്രി ആന്‍റണി രാജു സ്ഥിരീകരിച്ചു.
മദ്യം വാങ്ങാനെത്തുന്നവര്‍ക്ക് മെച്ചപ്പെട്ട സാഹചര്യം ഒരുക്കണമെന്ന ഹൈക്കോടതി വിധിയുടെ പശ്ചാത്തലത്തിലാണ് ബിവറേജസ് കോര്‍പ്പറേഷനും ഇത്തരത്തില്‍ ഒരു നീക്കം നടത്തുന്നത്. ബസ് സ്റ്റേഷനുകളില്‍ മദ്യം ലഭിക്കുമെന്നതിനാല്‍ യാത്രക്കാരുടെ എണ്ണം കൂടുമെന്ന് കെഎസ്ആര്‍ടിസി കരുതുന്നു. നിശ്ചിത അളവില്‍ മദ്യവുമായി യാത്ര ചെയ്യാമെന്നതും ബസ് സ്റ്റേഷനുകളില്‍ മദ്യശാല സ്ഥാപിക്കുന്നതിന് തടസമല്ല.