തിരുവനന്തപുരം: വയലിനിസ്‌റ്റ് ബാലഭാസ്‌കറിന്‍റെ അപകടമരണ കേസില്‍ കുറ്റപത്രം സമർപ്പിച്ചപ്പോൾ എന്തുകൊണ്ട് ബാലഭാസ്‌റിന്‍റെ മൊബൈൽ ഫോൺ ശാസ്ത്രീയ പരിശോധനയ്ക്ക് അയച്ച് റിപ്പോർട്ട് സമർപ്പിച്ചില്ലെന്ന് സിബിഐയോട് കോടതി. സിബിഐയുടെ ഭാഗത്ത് നിന്നും ഉണ്ടായ വീഴ്‌ചയാണോ ഇതെന്നും സിജെഎം കോടതി ചോദിച്ചു. സിബിഐയുടെ വിശദീകരണം ആവശ്യമാണെന്ന് വ്യക്തമാക്കിയ കോടതി കേസ് ജൂലൈ അഞ്ചിലേക്ക് മാറ്റി.
പരിശോധന റിപ്പോര്‍ട്ട് സമര്‍പ്പിക്കാത്തത് സിബിഐയുടെ വീഴ്‌ചയാണോയെന്ന് കോടതി ആരാഞ്ഞു. കേസ് അന്വേഷിച്ചപ്പോൾ തെളിവുകൾ കണ്ടെത്താന്‍ മൊബൈൽ ഫോണിലെ വിവരങ്ങളുടെ അവശ്യകത ഇല്ലായിരുന്നുവെന്നും അതിനാലാണ് ശാസ്ത്രീയ തെളിവ് സ്വീകരിക്കാത്തതെന്നും സിബിഐ മറുപടി നൽകി. എന്നാൽ ഇതിൽ വിശദീകരണം ആവശ്യമാണെന്ന് കോടതി നിർദേശം നൽകുകയായിരുന്നു.
തുടരന്വേഷണം ആവശ്യപ്പെട്ട് ഹര്‍ജി:തിരുവനന്തപുരം ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതി ജഡ്‌ജി രേഖ ആറിന്‍റേതാണ് ഉത്തരവ്. കേസിൽ തുടരന്വേഷണം ആവശ്യപ്പെട്ട് ബാലഭാസ്‌കറിന്‍റെ കുടുംബവും കലാഭവൻ സോബിയും സിജെഎം കോടതിയിൽ സമർപ്പിച്ച ഹർജിയിൽ വാദം പൂർത്തിയായി വിധി പറയാന്‍ ഇരിക്കവെയാണ് കോടതി ഉത്തരവ്. നിർണായക തെളിവുകൾക്ക് മേൽ സിബിഐ കണ്ണടച്ചതായി ഹർജിക്കാര്‍ വാദിച്ചിരുന്നു. നിർണായക സാക്ഷികളെ ബോധപൂർവ്വം ഒഴിവാക്കി.
സിബിഐ നടത്തിയ നുണപരിശോധന നിയമപരമല്ലെന്നും നുണ പരിശോധന ഫലം തെളിവായി സ്വീകരിക്കാന്‍ പാടില്ലെന്ന് സുപ്രീം കോടതി വിധിയുള്ളതായും ഹർജിക്കാർ ചൂണ്ടിക്കാട്ടി. എന്നാൽ കേസിൽ സാധ്യമായ എല്ലാ രീതികളും അന്വേഷിച്ചാണ് കുറ്റപത്രം സമർപ്പിച്ചതെന്നാണ് സിബിഐ നിലപാട്. കേസിലെ ഏക പ്രതി അർജുൻ അലക്ഷ്യമായി വാഹനം ഓടിച്ചതാണ് അപകട കാരണം എന്നാണ് സിബിഐ കണ്ടെത്തൽ.
2019 സെപ്റ്റംബർ 25ന് പുലർച്ചെ തൃശൂരില്‍ നിന്നും തിരുവനന്തപുരത്തേക്കുള്ള യാത്രക്കിടെയാണ് അപകടം സംഭവിച്ചത്. മകള്‍ അപകട സ്ഥലത്തും ബാലഭാസ്‌കര്‍ ചികിത്സയിലിരിക്കെയുമാണ് മരിച്ചത്. ബാലഭാസ്‌കറിന്‍റെ ഭാര്യ ലക്ഷ്‌മിക്കും അര്‍ജുനും അപകടത്തില്‍ പരിക്കേറ്റിരുന്നു.