തിരുവനന്തപുരം:മുല്ലപ്പെരിയാർ ബേബി ഡാമിൽ സംയുക്ത പരിശോധന നടന്നില്ലെന്ന പരാമർശം തിരുത്തി വനം മന്ത്രി. മുല്ലപ്പെരിയാറിൽ കേരളവും, തമിഴ്‌നാടും സംയുക്ത പരിശോധന നടത്തിയിട്ടില്ലെന്നായിരുന്നു വനം മന്ത്രി നിയമസഭയെ അറിയിച്ചിരുന്നത്. എന്നാൽ സംയുക്ത പരിശോധന നടത്തിയതിനെ സംബന്ധിക്കുന്ന വ്യക്തമായ തെളിവുകൾ ചൊവ്വാഴ്‌ച പുറത്തുവന്നിരുന്നു. സംയുക്ത പരിശോധന നടന്നതുൾപ്പെടെയുള്ള വിവരങ്ങൾ ചൂണ്ടിക്കാട്ടി കേന്ദ്രസർക്കാർ സംസ്ഥാനത്തിന് നൽകിയ കത്തും പുറത്തുവന്നു. ഇതേ തുടർന്നാണ് നിയമസഭയിലെ പരാമർശം തിരുത്താൻ വനം മന്ത്രി എ കെ ശശീന്ദ്രൻ സ്‌പീക്കർക്ക് കത്ത് നൽകിയത്.
പരാമർശം തിരുത്തി വനം മന്ത്രി
പ്രതിപക്ഷത്തിന് അടിയന്തര പ്രമേയത്തിൻ്റെ നോട്ടീസിന് മറുപടി നൽകിയപ്പോഴായിരുന്നു മന്ത്രിയുടെ പരാമർശം. തിങ്കളാഴ്‌ച മുല്ലപ്പെരിയാറിലെ ബേബി ഡാമിലെ അറ്റകുറ്റപ്പണികൾക്കായി തമിഴ്‌നാടിന് 15 മരങ്ങൾ മുറിക്കാൻ അനുമതി നൽകിയ ഉത്തരവ് സംബന്ധിച്ചായിരുന്നു അടിയന്തരപ്രമേയ നോട്ടീസ്.
അതേ സമയം കത്ത് പരിശോധിച്ച് ആവശ്യമായ തിരുത്തൽ വരുത്തുമെന്ന് ചെയറിൽ ഉണ്ടായിരുന്ന ഡെപ്യൂട്ടി സ്‌പീക്കർ അടൂർ പ്രകാശ് വ്യക്തമാക്കി. തുടർന്ന് വിമർശനവുമായി പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ രംഗത്തെത്തി.