തിരുവനന്തപുരം: പള്ളിപ്പുറത്ത് അർധരാത്രിയിൽ വീടുകളിൽ കയറി പണമാവശ്യപ്പെട്ട് അക്രമം നടത്തിയ മൂന്നംഗ സംഘം അറസ്റ്റിൽ. പിടികിട്ടാപ്പുള്ളിയും നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയുമായ പള്ളിപ്പുറം സ്വദേശി ഷാനവാസ്(38), കൊട്ടാരം തുരുത്ത് സ്വദേശി അൻസർ(28), മാടൻവിള സ്വദേശി ഷബിൻ(28) എന്നിവരെയാണ് മംഗലപുരം പൊലീസ് പിടികൂടിയത്.
അർദ്ധരാത്രി വീടുകളിൽ കയറി പണമാവശ്യപ്പെട്ട് അക്രമം നടത്തിയ മൂന്നംഗ സംഘം അറസ്റ്റിൽ ചൊവ്വാഴ്‌ച അർധരാത്രിയാണ് ഷാനവാസിന്‍റെ നേതൃത്വത്തിൽ സംഘം എട്ടോളം വീടുകളിൽ കയറി പണമാവശ്യപ്പെട്ട് ഭീഷണി മുഴക്കിയത്. സ്വർണ കവർച്ച കേസിലെ പ്രതിയായ ഷമീറിന്‍റെ വീട്ടിലെത്തിയ പ്രതികൾ വാതിൽ തകർത്ത് അകത്തു കയറി കത്തി കാട്ടി സ്വർണം ആവശ്യപ്പെട്ടു. പിടിവലിക്കിടെ കത്തികൊണ്ട് ഷമീറിന് കഴുത്തിനും കൈക്കും പരിക്കുണ്ട്. കൊലപാതകം, വധശ്രമം, കവർച്ച, തുടങ്ങി നിരവധി കേസുകളിൽ പ്രതിയാണ് ഷാനവാസ്. കൂട്ടുപ്രതികളായ അൻസറും ഷബിനും വിവിധ സ്റ്റേഷനുകളിലായി നിരവധി കേസുകളുണ്ട്.
അക്രമണങ്ങളും മറ്റും നടത്തിയ ശേഷം ഒളിവിൽ പോകുന്ന ഷാനവാസ് കോടതിയിൽ കീഴടങ്ങുകയാണ് പതിവ്. കഴിഞ്ഞ ഫെബ്രുവരിയിൽ സിആർപിഎഫ് ക്യാമ്പിനു സമീപം ബേക്കറി ഉടമയെ കടയിൽ കയറി കുത്തിപ്പരിക്കേൽപ്പിച്ച കേസിൽ അറസ്റ്റിലായിരുന്നു. പിന്നീട് പുറത്തിറങ്ങിയ ഷാനവാസ് കഴിഞ്ഞ സെപ്റ്റംബറിൽ പള്ളിപ്പുറത്ത് മൊബൈൽ കടയിൽ കയറി ഇതര സംസ്ഥാന തൊഴിലാളിയെ കുത്തിപ്പരിക്കേൽപ്പിച്ച കേസിൽ ഒളിവിലിരിക്കെയായിരുന്നു അക്രമം നടത്തിയത്.
സംഭവത്തിനു ശേഷം ഒളിവിൽ പോയ അക്രമികളെ പെരുമാതുറയിൽ നിന്നാണ് പിടികൂടിയത്. ഇവരിൽ നിന്ന് അക്രമത്തിനുപയോഗിച്ച ആയുധങ്ങളും സഞ്ചരിച്ച ബൈക്കും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇവരെ ഗുണ്ട ആക്‌ടിൽ പെടുത്താനുള്ള അപേക്ഷ നൽകിയിട്ടുണ്ടെന്നും പ്രതികളെ സഹായിച്ചവരെയും കേസിൽ ഉൾപ്പെടുത്തി അറസ്റ്റ് ചെയ്യുമെന്നും മംഗലപുരം ഇൻസ്പെക്‌ടർ സജീഷ് എച്ച്.എൽ പറഞ്ഞു. പ്രതികളെ സംഭവസ്ഥലങ്ങളിൽ കൊണ്ട് പോയി തെളിവെടുപ്പ് നടത്തി.
Also Read: ബറേലിയിൽ 17കാരിയെ കാമുകനും സുഹൃത്തുക്കളും ചേർന്ന് തീകൊളുത്തി; പെൺകുട്ടിയുടെ നില ഗുരുതരം